പട്ടാമ്പി: കരിങ്കൽ ക്വാറികളുടെ പ്രവർത്തനം മൂലം സ്വൈരജീവിതം നഷ്ടമായിരിക്കുകയാണ് കൊപ്പം നെടുമ്പ്രക്കാട്ടെ നൂറുകണക്കിന് കുടുംബങ്ങൾക്ക്. ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. വർഷളോളമായി പ്രവർത്തിക്കുന്ന ക്വാറികൾ ജീവനും സ്വത്തിനും ഭീഷണിയാകുന്നതിനൊപ്പം കനത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു.
നിരവധി ടോറസ് ലോറികളാണ് രാവും പകലുമില്ലാതെ പുതിയ റോഡിനും ചെറുകോടിനും ഇടയിലൂടെ പായുന്നത്. ടോറസുകളുടെ അനിയന്ത്രിത സഞ്ചാരം ജനങ്ങളിൽ ഭീതി പരത്തുകയാണ്.
ടോറസ് തട്ടി കുട്ടികൾക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിരുന്നു. അപകട സാദ്ധ്യത പരിഗണിച്ച് പ്രദേശത്തേക്ക് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൊപ്പം, വല്ലപ്പുഴ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ക്വാറികളിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിരുന്നു. പൊലീസെത്തി നാട്ടുകാരെ അനുനയിപ്പിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത്. തുടർന്ന് പ്രദേശവാസികൾ കൊപ്പം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. അടുത്താഴ്ച പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.