പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കി ജില്ലാ ഭരണകൂടം. പാലക്കാട് ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ വാളയാറും, ചിറ്റൂർ ഡിവൈ.എസ്.പി കെ.സി.സേതുവിന്റെ നേതൃത്വത്തിൽ മീനാക്ഷിപുരം, ഗോവിന്ദാപുരം, ഗോപാലപുരം ചെക്ക് പോസ്റ്റുകളിലുമാണ് ഇന്നലെ പരിശോധന നടന്നത്. ഇരുചക്രവാഹനങ്ങൾ, കാർ, ടെമ്പോ എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന മുഴുവൻ വാഹനങ്ങളെയും പരിശോധിച്ചശേഷം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെയും മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടുന്നുള്ളു. അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങൾ, തമിഴ്‌നാട് നിന്നും ബസിൽ വന്ന യാത്രക്കാർ എന്നിവരെ ആദ്യദിവസം പരിശോധന ഇല്ലാതെ കടത്തിവിട്ടു. സംസ്ഥാനത്തേക് വരുന്നവർക്ക് 48 മണിക്കൂറിന് മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ആദ്യദിനം ഇത് കർശനമാക്കിയില്ല. എന്നാൽ 14 ദിവസത്തെ നിരീക്ഷണത്തിൽ പോകാൻ ഇവരോട് നിർദേശിച്ചതായി അധികൃതർ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ തമിഴ്‌നാട് ദേശീയപാത അടച്ചിട്ടു. കൊച്ചി - സേലം ദേശീയപാത 514ൽ തമിഴ്‌നാട് അതിർത്തിയായ ചാവടിയിലാണു ഗതാഗതം തടസപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ല. പകരം സർവീസ് റോഡിലൂടെ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ ഇ-പാസ് പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ പ്രവേശിപ്പിക്കുകയുള്ളൂ. അതേസമയം, ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസേന അതിർത്തി കടന്നു പോയിവരുന്നവരുടെ പ്രവേശനം സംബന്ധിച്ച് ജില്ലാ ഭരണകൂടവുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്തെത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെയും ക്വാറന്റൈനിൽ പ്രവേശിക്കുകയും ഫലം പോസിറ്റീവ് ആണെങ്കിൽ ചികിത്സതേടുകയും വേണം.
വിനോദ സഞ്ചാര മേഖലയിലും കടുത്ത നിയന്ത്രണം
പാലക്കാട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇവ പരിശോധിക്കാൻ ഓരോ കേന്ദ്രത്തിലും ജീവനക്കാരെ ചുമതലപ്പെടുത്തി. വലിയ ആൾക്കൂട്ടങ്ങളുണ്ടായാൽ പ്രവേശനം നിയന്ത്രിക്കും. ഒരു കേന്ദ്രത്തിലും പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങളുണ്ടാകും. മലമ്പുഴയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് നിലവിൽ പ്രവേശനം നൽകുന്നത്. നെല്ലിയാമ്പതി, പോത്തുണ്ടി ഡാം, കവ, സൈലന്റ് വാലി, കരുവാര വെള്ളച്ചാട്ടം, കുരുതിച്ചാൽ, ചൂലനൂർ, ധോണി വെള്ളച്ചാട്ടം, പറമ്പിക്കുളം, പാലക്കാട് കോട്ട, മീൻവല്ലം, വരിക്കാശ്ശേരി മന, കാഞ്ഞിരപ്പുഴ ഡാം എന്നിവടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കുട്ടികളെയും പ്രായമായവരെയും കൊണ്ട് ഇത്തരം കേന്ദ്രങ്ങളിലെത്തുന്നത് വിലക്കിയിട്ടുണ്ട്.
സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന പുരോഗമിക്കുന്നു
ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. കഴിഞ്ഞദിവസം ജില്ലയിലാകെ 282 പ്രോട്ടോകോൾ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറൽ മജിസ്‌ട്രേറ്റുമാർ അവർക്ക് ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭകളിലാണ് പരിശോധന നടത്തുന്നത്. 100 പേരെയാണ് ജില്ലയിൽ നിയമിച്ചിട്ടുള്ളത്. കടകൾ, മാളുകൾ, സിനിമ തീയറ്ററുകൾ, ആരാധനാലയങ്ങളും വിവാഹം ഉൾപ്പെടെയുള്ള പരിപാടികളും നിരീക്ഷിച്ചുവരുന്നുണ്ട്.
ജില്ലയ്ക്ക് 5000 ഡോസ് വാക്സിൻ ലഭ്യമായി
ജില്ലയ്ക്ക് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീൽഡ് വാക്സിൻ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്സിൻ ഉൾപ്പെടെ ആകെ 15000 ഡോസ് വാക്സിൻ ഇപ്പോൾ സ്റ്റോക്കുണ്ട്. ഇതിൽ 5000 ഡോസ് കോവാക്സിൻ രണ്ടാം ഡോസ് കുത്തിവെയ്പിന് മാറ്റിവെയ്ക്കും. ഒരാൾക്ക് ഒരു ഡോസ് എന്ന അളവിലാണ് കുത്തിവെയ്പ് നടത്തുന്നത്. ഇത്തരത്തിൽ നിലവിലുള്ള സ്റ്റോക്ക് അനുസരിച്ച് 15000 പേർക്ക് വാക്സിൻ ലഭ്യമാക്കും.