arrest

പാലക്കാട്: പാലക്കാട് എക്‌സൈസ് എ.ഇ.സി സ്‌ക്വാഡിന്റെ വാഹനപരിശോധനയ്ക്കിടെ അന്തർസംസ്ഥാന സ്വർണകള്ളക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനികൾ പിടിയിൽ. മങ്കടയിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരെയാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എ.രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി പൊലീസിലേൽപ്പിച്ചത്. വയനാട് കല്ലുവയൽ കരണി സ്വദേശി അസ്‌കർ അലി (26), നെല്ലാറച്ചാൽ സ്വദേശി അജാസ് (30) എന്നിവരാണ് അറസ്റ്റിലായത്.

arrest


കോയമ്പത്തൂർ - പാലക്കാട് ദേശീയപാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിൽ വരുകയായിരുന്ന പ്രതികൾ എക്സൈസ് സംഘത്തെ കണ്ട് വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അതിസാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ പരശോധിച്ച് ചോദ്യം ചെയ്തതിൽ നിന്നും, മലപ്പുറം ജില്ലയിൽ പൊലീസ് തിരയുന്ന വാറണ്ട് പ്രതികളാണെന്ന് മനസിലായി. പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അജാസ്. വിദേശത്ത് നിന്നും കള്ളക്കടത്ത് വഴി രഹസ്യമായി കാരിയർമാർ കൊണ്ടുവരുന്ന സ്വർണം എയർപോർട്ടിൽ നിന്നോ പോകുന്ന വഴിയിലോവച്ച് കവർച്ചനടത്തുന്നതാണ് രീതി. അസ്‌കർ അലി മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ രണ്ടുവധശ്രമക്കേസിലും കരിപ്പൂർ സ്റ്റേഷൻ പരിധിയിൽവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി 700 ഗ്രാം സ്വർണം കവർച്ചനടത്തിയ കേസിലും കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്.
എ.ഇ.സി സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ്.പ്രശോഭ്, പ്രിവന്റീവ് ഓഫീസർമാരായ എ.ജയപ്രകാശൻ, ആർ.വേണുകുമാർ, എസ്.മൺസൂർ അലി, സി.ഇ.ഒമാരായ ബി.ഷൈബു, കെ.ജ്ഞാനകുമാർ, ടി.എസ്.അനിൽകുമാർ, കെ.അഭിലാഷ്, എം.അഷറഫലി, എ.ബിജു, വിവേക്, എക്‌സൈസ് ഡ്രൈവർ എ.കൃഷ്ണകുമാരൻ എന്നിവർ പരശോധനയിൽ പങ്കെടുത്തു.