പാലക്കാട്: കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോൾ വില കുത്തനെ കൂട്ടി പകൽ കൊള്ള നടത്തുകയാണ് മെഡിക്കൽ ഓക്സിജൻ നിർമ്മാണ കമ്പനികൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ഓക്സിജൻ ഉപയോഗ സാദ്ധ്യത മുന്നിൽ കണ്ടാണ് കമ്പനികൾ തീവെട്ടിക്കൊള്ള നടത്തുന്നത്.
ഒരാഴ്ച മുമ്പുവരെ സംസ്ഥാനത്ത് ഒരു ക്യൂബിക് ഓക്സിജെന് 11.50 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 17 ആയി. ഒരാഴ്ചയ്ക്കിടെ 50% വില വർദ്ധിച്ചു. വരും ദിവസങ്ങളിൽ ആവശ്യം കൂടുന്നതിന്റെ അടിസ്ഥാനത്തിൽ വിലയും കുത്തനെ കൂടും. സർക്കാർ അടിയന്തരമായി ഇടപെട്ട് പകൽകൊള്ളയ്ക്ക് മൂക്കുകയറിടണമെന്ന ആവശ്യം ശക്തമാണ്.
സംസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളിലേക്കും ഓക്സിജൻ വിതരണം ചെയ്യുന്നത് കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയാണ്. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജൻ ഉല്പാദകരാണിവർ. മുമ്പ് മേഖലയിൽ നാല് കമ്പനികൾ മെഡിക്കൽ ഓക്സിജൻ നിർമ്മിച്ചിരുന്നു. മറ്റുള്ളവർ സിലിണ്ടർ റീഫിൽ മാത്രമേ ചെയ്യുന്നുള്ളു. ഓക്സിജൻ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽ നിന്ന് കിൻഫ്ര മുഖേനയാണ് നൽകുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിയും. ഇതുരണ്ടിനും സർക്കാർ വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിലാണ് ഓക്സിജന് അമിത വിലയെന്നതും ശ്രദ്ധേയമാണ്.
ഉല്പാദനത്തിന്റെ 75% അന്യസംസ്ഥാനങ്ങൾക്ക്
പ്രതിദിനം 150 ടൺ ഓക്സിജനാണ് കഞ്ചിക്കോട്ട് ഉല്പാദിപ്പിക്കുന്നത്. 1000 ടൺ വരെ സംഭരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഉല്പാദിപ്പിക്കുന്ന ഓക്സിജന്റെ 75% കർണാടക, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. മഹാരാഷ്ട്രയിൽ ഒരു ക്യുബിക് മീറ്റർ ഓക്സിജന് 50 രൂപയിലധികം നൽകണം. ഈ ലാഭമാണ് ഓക്സിജൻ അന്യസംസ്ഥാനങ്ങളിലേക്ക് നൽകുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.
ലിക്വിഡ് ഓക്സിജൻ
നിർദിഷ്ട താപനിലയിൽ തണുപ്പിച്ച ടാങ്കുകളിലാണ് ദ്രവഓക്സിജെൻ സൂക്ഷിക്കുന്നത്. ഓക്സിജൻ എത്തിക്കുന്ന ടാങ്കറുകളിലും ആശുപത്രികളുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ടാങ്കുകളിലും ഇതേ ഊഷ്മാവ് തന്നെ ക്രമീകരിക്കണം. ദ്രവ ഓക്സിജൻ ചുരുളൻ വേപ്പറൈസർ കോയിലുകൾക്കുള്ളിലൂടെ കടത്തിവിട്ട് യഥാർത്ഥ അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റുമ്പോൾ വാതക രൂപത്തിലാകും.
പ്രമുഖ ആശുപത്രികളിലെല്ലാം ദ്രവ ഓക്സിജൻ സൂക്ഷിക്കാനുള്ള ടാങ്കുകളും വേപ്പറേസൈഷൻ നടത്തി ഓക്സിജൻ വിതരണ ഉപകരണങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള സജ്ജീകരണവുമുണ്ട്.
പഴയ രീതിയിൽ സിലിണ്ടർ തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. ഇവർക്ക് വിതരണക്കാർ ലിക്വിഡ് ഓക്സിജൻ രൂപമാറ്റം വരുത്തി സിലിണ്ടറുകളിൽ നിറച്ചുനൽകും. 1 ടൺ മുതൽ 13 ടൺ വരെ ശേഷിയുള്ള ടാങ്കുകളാണ് സംസ്ഥാനത്തുള്ളത്. ഉപയോഗിക്കുന്നത്. വിതരണക്കാർ 20 ടൺ ടാങ്കുവരെ സ്ഥാപിച്ചിട്ടുണ്ട്.