രോഗികളുടെ എണ്ണം വർദ്ധിച്ചാൽ കൂടുതൽ സജ്ജീകരണം
പാലക്കാട്: കൊവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ 143 ഓക്സിജൻ പോയിന്റുകൾ, 200 ഓക്സിജൻ സിലിണ്ടറുകൾ, 261 ഓക്സിജൻ ബെഡുകൾ, 59 വെന്റിലേറ്റർ ബെഡുകൾ, 108 ഐ.സി.യു ബെഡുകൾ എന്നിവ സജ്ജമാക്കിയതായി സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ.മേരി ജ്യോതി വിൽസൺ അറിയിച്ചു.
നാലുമുതൽ അഞ്ചുവരെ ഓക്സിജൻ സിലിണ്ടറുകളാവും ഒരാൾക്ക് ആവശ്യമായി വരിക. ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായ ജില്ലാശുപത്രിയിൽ 98ഉം മാങ്ങോട് മെഡിക്കൽ കോളേജിൽ 35ഉം ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പത്തും ഓക്സിജൻ പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഞ്ചിക്കോട് കിൻഫ്രയിൽ 200 ഓക്സിജൻ സിലിണ്ടറുകളും 13 സ്വകാര്യ ആശുപത്രിയികളിലായി 261 ഓക്സിജൻ ബെഡുകളും സജ്ജമാണ്.
59 വെന്റിലേറ്റർ ബെഡുകൾ
ജില്ലയിൽ കൊവിഡ് ചികിത്സക്കായി 59 വെന്റിലേറ്റർ ബെഡുകളാണ് സജ്ജമാക്കിയത്. ജില്ലാശുപത്രി-29, ഒറ്റപ്പാലം താലൂക്കാശുപത്രി, മാങ്ങോട് മെഡിക്കൽ കോളേജ്, മണ്ണാർക്കാട് താലൂക്കാശുപത്രി എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതം, കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ഒരെണ്ണം എന്നിങ്ങനെ അഞ്ച് സർക്കാർ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 36 വെന്റിലേറ്റർ ബെഡുകളും വിവിധ സ്വകാര്യാശുപത്രികളിലായി 23 വെന്റിലേറ്റർ ബെഡുകളുമാണ് ഒരുക്കിയത്.
108 ഐ.സി.യു ബെഡുകൾ
ജില്ലാശുപത്രിയിൽ 64ഉം സ്വകാര്യ ആശുപത്രികളിലായി 44ഉം ഉൾപ്പെടെ മൊത്തം 108 ഐ.സി.യു ബെഡുകളാണ് സജ്ജമാക്കിയത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ കൂടുതൽ സജ്ജീകരണം ഒരുക്കും.
ജില്ലാ ആശുപത്രിയിൽ നിയന്ത്രണം
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി.
1. സന്ദർശകരെ നിരോധിച്ചു. ആശുപത്രി സന്ദർശനം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം.
2. രോഗികളുടെ കൂടെ ഒരു സഹായി മാത്രം.
3. ഡിസ്ചാർജ്ജ് ആവുന്നത് വരെ സഹായിയെ മാറ്റരുത്.
4. സഹായി ആന്റിജൻ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകണം.
5. സഹായിയുടെ വിശദ വിവരം വാർഡ് ഇൻചാർജ്ജിനെ അറിയിക്കണം.
6. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയ നിറുത്തിവെച്ചു.
7. ആശുപത്രിയ്ക്കകത്ത് ശാരീരിക അകലം പാലിക്കുക, മാസ്ക് ശരിയായി ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക തുടങ്ങിയവ പാലിക്കണം.
510 കേസെടുത്തു
ജില്ലയിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 510 പ്രോട്ടോകോൾ ലംഘനം കണ്ടെത്തി. 51 സെക്ടറൽ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.
ഉത്സവ നടത്തിപ്പ്, ശാരീരിക അകലം, മാസ്ക്, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘനം, കൂട്ടംകൂടുക എന്നിവയ്‌ക്കെതിരെയാണ് കേസ്. കടകൾ, മാളുകൾ, തിയേറ്ററുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും വിവാഹം ഉൾപ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ൻമെന്റ് സോണുകളിലും 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.