place
സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്ന ഷൊർണൂരിലെ നിർദിഷ്ട സ്ഥലം.

ഷൊർണൂർ: ഷൊർണൂരിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച തർക്കം തുടരുന്നു. വിഷയത്തിൽ നഗരസഭയും കരാറുകാരനും തമ്മിലുള്ള തർക്കം നിയമ നടപടികളിലേക്ക് നീങ്ങുകയാണ്. നിർമ്മാണം കഴിഞ്ഞ പ്രതിമയ്ക്ക് വിവേകാനന്ദന്റെ രൂപസാദൃശ്യം ഇല്ലാത്തതാണ് തർക്കത്തിന് കാരണമായത്. കൊച്ചിൻ പാലം ടോൾ പ്ലാസക്ക് സമീപത്താണ് വിവേകാനന്ദ പ്രതിമയും പൂന്തോട്ടവും പാർക്കും നിർമ്മിക്കുന്നതിന് നഗരസഭ പദ്ധതിയിട്ടത്. ഇതിനായി 25 ലക്ഷം വകയിരുത്തി. ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേരാസ് കൾച്ചറൽ ഇന്ത്യ എന്ന സ്ഥാപനത്തെയാണ് പ്രതിമ നിർമ്മിക്കാൻ നഗരസഭ നിയോഗിച്ചത്.

2014ൽ പ്രവർത്തനം തുടങ്ങി. ആറടി ഉയരത്തിലുള്ള പീഠത്തിൽ ഏഴരയടി ഉയരത്തിൽ വെങ്കല പ്രതിമയും 14 അടി ഉയരമുള്ള ഗോപുരവും രൂപകല്പന ചെയ്തു. എന്നാൽ പദ്ധതി ഫണ്ട് ലഭ്യമായിട്ടും വിവേകാനന്ദ പ്രതിമയും സ്മാരകവും ഇപ്പോഴും കടലാസിലാണ്. തുടക്കത്തിൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലം ലഭ്യമാകുന്നതിലെ കാലതാമസം പ്രവർത്തി തടസപ്പെടാൻ കാരണമായിരുന്നു. എന്നാൽ സ്ഥലം ലഭ്യമായിട്ടും പ്രതിമ സ്ഥാപിക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. പ്രതിമ നിർമ്മിക്കാൻ 13 ലക്ഷം മുൻകൂറായി നൽകിയെന്നാണ് അറിയുന്നത്. വർഷം ഏഴ് പിന്നിടുമ്പോഴും പ്രതിമ എവിടെ എന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.

നിർമ്മിച്ച പ്രതിമയ്ക്ക് വിവേകാനന്ദന്റെ ഛായയില്ലെന്നതാണ് പ്രതിസന്ധിയായത്. ഇക്കാര്യത്തിൽ നഗരസഭയും കരാറുകാരനും തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ പ്രശ്നം. കരാറുകാരൻ പ്രതിമയുടെ മോൾഡിംഗ് പൂർത്തിയാക്കിയെങ്കിലും വിവേകാനന്ദന്റ മുഖഛായ ഇല്ലാത്തതുകൊണ്ട് നഗരസഭ അനുമതി നൽകിയിട്ടില്ല. പ്രതിമയ്ക്ക് വിവേകാനന്ദന്റെ മുഖഛായ ഇല്ലെകിൽ നഗരസഭ അനുവദിച്ച തുക തിരികെ നൽകണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരസഭ നൽകിയ വിവേകാനന്ദ ചിത്രത്തിന് സാദൃശ്യമുള്ള പ്രതിമ നിർമ്മിക്കാമെന്ന് കരാറുകാരൻ എഴുതി നൽകിയാൽ അനുമതി നൽകാം. അല്ലാത്തപക്ഷം നിയമ നടപടിയുമായി നഗരസഭ മുന്നോട്ടു പോകും. -എം.കെ.ജയപ്രകാശ്, നഗരസഭാദ്ധ്യക്ഷൻ.

സ്വാമി വിവേകാനന്ദനോടുള്ള നഗരസഭയുടെ അവഗണനും അനീതിയും അവസാനിപ്പിക്കണം. പ്രതിമ സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങും.

-ഇ.പി.നന്ദകുമാർ, നഗരസഭാംഗം.