പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ ആളൊഴിഞ്ഞു. മലമ്പുഴ ഉദ്യാനം അടക്കമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ വരവ് കുറഞ്ഞു. നേരത്തെ ധാരാളം പേർ സന്ദർശിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനു പുറമേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതാണ് തിരക്ക് കുറയാൻ കാരണം. മലമ്പുഴ ഉദ്യാനത്തിനു പുറത്ത് കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യദിവസം എൺപതോളം പേർ പരിശോധന നടത്തി ഉദ്യാനത്തിൽ പ്രവേശിച്ചെങ്കിലും പിന്നീട് അത് വിരലിലെണ്ണാവുന്നവരായി ചുരുങ്ങിയതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടുപേർ മാത്രമാണെത്തിയത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കും. ഇതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. വിഷുവിനു മുമ്പ് ഒരു ലക്ഷത്തിനു മുകളിൽ വരുമാനം ഉണ്ടായിരുന്നു. സന്ദർശകർ കുറഞ്ഞതോടെ ഉദ്യാനത്തിനകത്തും പുറത്തുമുണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങളും പൂട്ടി. പോത്തുണ്ടി ഡാമിൽ പ്രവേശിക്കുന്നതിനും തിങ്കളാഴ്ച മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ 1080 രൂപയാണ് കഴിഞ്ഞദിവസം ആകെ ലഭിച്ച വരുമാനമെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് മാനദണ്ഡ പ്രകാരം കൈകഴുകാനുള്ള സൗകര്യമെല്ലാം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കേണ്ടതും നിർബന്ധമാണ്.
ജില്ലയിലെ മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാമ്പതി, കവ, സൈലന്റ് വാലി, കരുവാര വെള്ളച്ചാട്ടം, കുരുതിച്ചാൽ, ചൂലനൂർ, ധോണി വെള്ളച്ചാട്ടം, പറമ്പിക്കുളം, പാലക്കാട് കോട്ട, വാടിക, മീൻവല്ലം, വരിക്കാശ്ശേരി മന, കാഞ്ഞിരപ്പുഴ ഡാം എന്നിവടങ്ങളിലെല്ലാം നിയന്ത്രണങ്ങളുണ്ട്. കുട്ടികൾക്കും പ്രായമായവർക്കും ഇവിടങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.