ഒറ്റപ്പാലം: രണ്ട് പ്രളയത്തിലൂടെ ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള കരാർ പ്രവർത്തിയുടെ മറവിൽ വൻ മണൽകൊള്ള. ഷൊർണൂർ, പട്ടാമ്പി കടവുകളിൽ നിന്നാണ് സ്വകാര്യ വ്യക്തികൾ കരാറിന്റെ മറവിൽ കോടികളുടെ മണൽ കടത്തുന്നത്. ചാവക്കാട് സ്വദേശികളാണ് പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സർക്കാരിൽ നിന്ന് കരാർ എടുത്തിരിക്കുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞിരുന്നെങ്കിലും, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തി പൂർണ്ണമായും കഴിഞ്ഞിട്ടില്ലെന്നും, കരാർ കാലാവധി നീട്ടി നൽകണമെന്നുമുള്ള കരാറുകാരുടെ അപേക്ഷ അംഗീകരിച്ച് മെയ് 31 വരെ നീട്ടി നൽകി. സർക്കാർ നടപടിയുടെ മറവിൽ ഭാരതപുഴയിൽ നടക്കുന്നത് വലിയ മണൽകൊള്ളയാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു.
പ്രളയംമൂലമുണ്ടായ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സർക്കാർ അനുമതിയുടെ മറവിലാണീ കൊള്ള നടക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഷൊർണൂരിലെയും വള്ളത്തോൾ നഗർ പഞ്ചായത്തിലെയും പ്രദേശവാസികൾക്കായുണ്ടാക്കിയ തടയണയും മണലെടുപ്പിന്റെ ഇരയാണ്. തടയണയിലെ കുടിവെള്ളത്തിലാണ് ഇവരുടെ വാഹനങ്ങളും മണ്ണുമാന്തിയന്ത്രവും മണലെടുക്കാനുപയോഗിക്കുന്ന മറ്റ് യന്ത്രസാമഗ്രികളും കിടക്കുന്നത്. ഇന്ധനവും യന്ത്രങ്ങളിൽ നിന്നുള്ള മറ്റ് മാലിന്യവുമെല്ലാം വെള്ളത്തിൽ കലരുന്നുണ്ട്.
കഴിഞ്ഞ ജൂൺ മുതൽ പുഴയിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ലോറികളിൽ മണലും മണ്ണും കടത്തുന്നുണ്ട്. മണലെടുക്കുന്നതിനായി തടയണയുടെ മധ്യത്തിലേക്ക് പ്രത്യേക പാതയുണ്ടാക്കിയാണ് വാഹനങ്ങൾ കൊണ്ടുപോകുന്നത്. പുഴയിലേക്ക് വാഹനങ്ങളോ യന്ത്രങ്ങളോ ഇറക്കരുതെന്ന കോടതി വിധിയും ഇവിടെ ലംഘിക്കുകയാണ്. മണലെടുപ്പുമൂലം ഭാരതപുഴ നശിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മണലെടുപ്പ് വർഷങ്ങൾക്ക് മുമ്പ് നിരോധിച്ചതാണ്. അതിനുശേഷം തടയണയിൽ അടിഞ്ഞ പ്രളയാവശിഷ്ടം നീക്കാൻ സർക്കാർ പ്രത്യേകാനുമതി നൽകുകയായിരുന്നു.
15750 എം ക്യൂബ് പ്രളയാവശിഷ്ടമുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പ്രളയാവശിഷ്ടമെന്ന രീതിയിൽ ഇപ്പോൾ പുഴയിൽ നിന്ന് സംഭരിക്കുന്നത് മണലും കളിമണ്ണും മാത്രമാണ്. ഇത് രണ്ടും വലിയ വിപണന സാധ്യതയുള്ളതുമാണെന്നതാണ് പുഴയില്ലാതാക്കിയുള്ള ഈ ഖനനത്തിന് കരാറുകാരെ പ്രേരിപ്പിക്കുന്നത്. 2020 ഡിസംബർ വരെയായിരുന്നു മാലിന്യം നീക്കം ചെയ്യാനുള്ള സമയം. എന്നാൽ കരാറിൽ നിർദേശിച്ചത്രയും നീക്കം ചെയ്യാനായിട്ടില്ലെന്ന് കാണിച്ച് കരാർ കാലാവധി മെയ് 30 വരെ നീട്ടി നൽകിയിട്ടുണ്ട്. അതുവരെ മണലെടുപ്പ് തുടർന്നാൽ പുഴയും തടയണയുമില്ലാതാകുമോ എന്നാണ് ആശങ്ക. തൃശ്ശൂർ അഡീഷണൽ ജലസേചന വകുപ്പാണ് പ്രളയാവശിഷ്ടം നീക്കം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.
-പ്രളയാവശിഷ്ടം നീക്കം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. വാഹനങ്ങൾ പുഴയിലിറക്കുന്നതിന് കോടതിയിൽ നിന്നുള്ള പ്രത്യേക അനുമതിയൊന്നുമില്ല, സർക്കാർ അനുമതിയാണുള്ളത്.
അസി.എക്സിക്യൂട്ടീവ് എൻജിനീയർ, തൃശ്ശൂർ അഡീഷണൽ ജലസേചന വകുപ്പ്.