patha
സമരത്തെ തുടർന്ന് ആറുവരിപ്പാത നിർമ്മാണ കമ്പനിയുടെ ശങ്കരംകണ്ണംതോടുള്ള ഓഫീസിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമ്മാണ കരാർ കമ്പനി നൽകേണ്ട കുടിശ്ശികത്തുക ലഭിച്ചാൽ അടുത്ത ദിവസം മുതൽ സമരം നിർത്തി ജോലി തുടങ്ങുമെന്ന് വാഹന ഉടമകളും ഉപകരാറുകാരും. സമരത്തെ തുടർന്ന് ആറുവരിപ്പാത നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച കെ.എം.സിയും സമരപ്രതിനിധികളും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു. വെള്ളിയാഴ്ച കുടിശ്ശിക തുകയുടെ പാതി നൽകാമെന്നും പണി തുടങ്ങണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ പലതവണ വാഗ്ദാനം മാത്രം കേട്ട് കബളിപ്പിക്കപ്പെട്ട വാഹന ഉടമകളും ഉപകരാറുകാരും ഇതിന് തയ്യാറായില്ല. വെള്ളിയാഴ്ച പണം നൽകുമ്പോൾ ജോലി തുടങ്ങാമെന്ന് അവർ അറിയിച്ചു.

ജനുവരി വരെയുള്ള കുടിശ്ശിക തുക പൂർണമായി ലഭിക്കണമെന്നായിരുന്നു സമരക്കാർ ആവശ്യപ്പെട്ടത്. പകുതി ലഭിച്ചാലും ജോലി തുടങ്ങാമെന്ന് നിലപാട് മയപ്പെടുത്തിയതോടെ കെ.എം.സി ആശ്വാസത്തിലാണ്. വെള്ളിയാഴ്ച പണം കിട്ടിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുടിശ്ശികതുക ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. 2019 മുതലുള്ള കുടിശ്ശികയാണ് ലഭിക്കാനുള്ളത്.