c

കൊവിഡ് ലക്ഷണമുള്ളവർ പരിശോധനയ്ക്ക് തയ്യാറാവണം: ഡി.എം.ഒ

പാലക്കാട്: കൊവിഡ് ലക്ഷണമുള്ളവർ മടിക്കാതെ സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഉത്സവങ്ങളിലും മറ്റ് പൊതുചടങ്ങുകളിലും പങ്കെടുത്തവർ ഏതെങ്കിലും ലക്ഷണം ണ്ടാൽ ടെസ്റ്റ് ചെയ്യാൻ യാതൊരു കാരണവശാലും മടിക്കരുത്.

കൊവിഡ് പോസിറ്റീവ് ആയാൽ ആശുപത്രിയിലേക്ക് മാറ്റുമെന്നുള്ളതും ക്വാറന്റൈൻ ആവശ്യമാകുന്നതും തൊഴിൽ നഷ്ടപ്പെടുമോയെന്ന ഭയവുമാകാം രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിലേക്ക് വരാൻ തയ്യാറാവാത്തതും ടെസ്റ്റ് ചെയ്യുന്നതിൽ നിന്നും പിൻവാങ്ങുന്നതിനും പിന്നിൽ.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ രോഗലക്ഷണം കൂടുതൽ കണ്ടിരുന്നത് പ്രായമായവരിലാണ്. രണ്ടാംഘട്ടത്തിൽ കാണുന്നത് പ്രായം കുറഞ്ഞവരിലാണ് (30-40 വയസ്). ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ് മുമ്പ് ഓക്സിജൻ സഹായം ആവശ്യമായിരുന്നത്. രണ്ടാംഘട്ടത്തിൽ കൂടുതൽ പേർക്ക് ഓക്സിജൻ സഹായം വേണ്ട അവസ്ഥയാണ്. ഹോം ഐസൊലേഷൻ നിർദ്ദേശിക്കുന്ന രോഗികൾക്ക് പോലും ശ്വാസംമുട്ടൽ പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യ പ്രവർത്തകർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിൽ ഓക്സിജൻ സഹായം വേണ്ട കേസേറെയാണ്. ഇത്തരം പ്രശ്നം നിലനിൽക്കുന്നത് കൊണ്ട് രോഗ ലക്ഷണങ്ങളുള്ള എല്ലാ വ്യക്തികളും സ്വമേധയാ ടെസ്റ്റിന് തയ്യാറാകണം. എസ്.എം.എസ് ഉൾപ്പെടെയുള്ള മാനദണ്ഡം കർശനമായി പാലിക്കണം. മാങ്ങോട് മെഡി.കോളേജ്, കഞ്ചിക്കോട് കിൻഫ്ര എന്നീ സി.എഫ്.എൽ.ടി.സികളിൽ ഓക്സിജൻ പോയിന്റുകളുള്ള കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് നടപടി ആരംഭിച്ചതായും ഡി.എം.ഒ അറിയിച്ചു.