r
പണി പൂർത്തിയാകാതെ കിടക്കുന്ന അടയ്ക്കാപുത്തൂർ- കല്ലുവഴി റോഡ്

ചെർപ്പുളശ്ശേരി: കിഫ്ബി ഫണ്ടായ 16.12 കോടി ഉപയോഗിച്ച് മൂന്നുവർഷം മുമ്പ് നവീകരണമാരംഭിച്ച അടയ്ക്കാപുത്തൂർ- കല്ലുവഴി റോഡ് നവീകരണം ജല അതോറിറ്റിയുടെ അനാസ്ഥ മൂലം ഇഴയുന്നു. 2018 ഒക്ടോബറിലാണ് അഞ്ചര കി.മീ വരുന്ന റോഡിന്റെ നവീകരണം ആരംഭിച്ചത്. 2020 ഏപ്രിലിൽ പണി പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം.

ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതിന് കാലതാമസമുണ്ടായതാണ് നിർമ്മാണം വൈകാൻ കാരണമെന്നും പല ഭാഗങ്ങളിലും ഇപ്പോഴും പൈപ്പ് ലൈൻ ശരിയാക്കുന്നതിനായി എടുത്ത വലിയ കുഴികളുണ്ടെന്നും പൊതുമരാമത്ത് അധികൃതർ പറയുന്നു .
'ശബരി പി.ടി.ബി എച്ച്.എസ്.എസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് ടാറിംഗ് പൂർത്തിയാവാതെ കിടക്കുന്നത് കാരണം നാട്ടുകാർ വലിയ ദുരിതത്തിലാണ്. വേനലിൽ പൊടിശല്യവും മഴയിൽ ചെളിയും യാത്രക്കാരെ വലയ്ക്കുന്നു. അഴുക്കുചാലിന്റെയും കലുങ്കുകളുടെയും അരിക് ഭിത്തിയുടെയും പ്രവൃത്തി മാത്രമാണ് ഇത്രയും കാലമായി പൂർത്തീകരിച്ചത്. അടുത്ത മാസത്തോടെ ആദ്യഘട്ട ടാറിംഗ് ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷ. ഇടവപ്പാതി നേരത്തെ എത്തുകയാണെങ്കിൽ

അവസാന ഘട്ട പ്രവൃത്തി ഇനിയും വൈകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മഴക്കാലത്തിന് മുമ്പ് പ്രവൃത്തി പൂർത്തികരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള യാത്ര ദുരിത പൂർണമാകും.