പാലക്കാട്: ജില്ലയിലെ അന്തർ സംസ്ഥാന പാതകളിലൂടെയുള്ള ലഹരി ഒഴുക്ക് വ്യാപിക്കുന്നു. ജനുവരി ഒന്നുമുതൽ ഏപ്രിൽ 22 വരെ എക്സൈസും പൊലീസും ജില്ലയിൽ നടത്തിയ പരിശോധനയിൽ 991.625 കിലോ കഞ്ചാവും ഒരു തോട്ടവും കണ്ടെത്തി. നാലുമാസത്തിനകം ഇത്രയധികം കഞ്ചാവ് പിടികൂടുന്നത് ആദ്യമാണ്.
സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നതിന് തെളിവ് കൂടിയാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ കാലയളവിൽ 343.351 കിലോ ലഹരി ഗുളികകളും 335 കിലോ ഹാഷിഷ് ഓയിലും പിടികൂടി. നിരോധിത പുകയില ഉല്പന്നങ്ങളും ധാരാളമായി അതിർത്തി കടന്ന് എത്തുന്നുണ്ട്. നാലുമാസത്തിനിടെ ഇത്തരം ഉല്പന്നം കച്ചവടം ചെയ്തതിന് 742 കേസ് രജിസ്റ്റർ ചെയ്തു.
231.46 ലിറ്റർ ചാരായവും 18,653 ലിറ്റർ വാഷും കണ്ടെത്തി. അഗളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് വാഷ് കൂടുതലായും കണ്ടെത്തിയത്. വ്യാജവാറ്റിന് പുറമേ 751 അബ്കാരി കേസും രജിസ്റ്റർ ചെയ്തു. 147 നാർക്കോട്ടിക് കേസുകളിലായി 146 പേരെ അറസ്റ്റ് ചെയ്തപ്പോൾ അബ്കാരി കേസുകളിൽ 531 പേരെ അറസ്റ്റ് ചെയ്തു. 3115.46 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടത്തിയ 341.445 ലിറ്റർ മദ്യവും കണ്ടെത്തി. അനധികൃതമായി കൈവശം വച്ച 24.5 ലിറ്റർ ബിയറും പിടിച്ചെടുത്തു. 3280 ലിറ്റർ വ്യാജ കള്ളും എക്സൈസും പൊലീസും ചേർന്ന് പിടികൂടി. ലഹരി നൽകുന്ന 81.9 ലിറ്റർ അരിഷ്ടവും കണ്ടെത്തിയതിൽ ഉൾപ്പെടുന്നു. ഇത്തരം പരിശോധനകളിൽ 54 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
വാളയാർ അടക്കമുള്ള ജില്ലയിലെ എഴ് ചെക്ക് പോസ്റ്റുകളിലൂടെ സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് കൂടുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിലൂടെയാണ് പ്രധാനമായും ലഹരി സംസ്ഥാനത്തേക്ക് കടത്തുന്നത്. അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിൽ ഒളിപ്പിച്ചും ലഹരി കടത്തുന്നു.
പരിശോധന 24 X 7
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ ലഹരിക്കടത്ത് കൂടുമെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടൽ. ഇത് മുന്നിൽ കണ്ട് 24 മണിക്കൂറും ജില്ലയിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കഞ്ചാവ് കടത്തുന്നതിൽ 90% യുവാക്കളാണ്.
അന്വേഷണം ക്രൈംബ്രാഞ്ചിന്
ബുധനാഴ്ച രാത്രി വാളയാറിൽ 736 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലോറിയിലെ രഹസ്യ അറയിലൊളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. അന്തർ സംസ്ഥാന ബന്ധമുള്ളതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഇതിനൊപ്പം എക്സൈസിന്റെ അന്വേഷണവും തുടരും. മൂന്ന് യുവാക്കൾ സംഭവത്തിൽ അറസ്റ്റിലായി.