l

പാലക്കാട്: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ രണ്ടുദിവസത്തെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം കർശനമാക്കി പൊലീസ്. ഇന്നലെ രാവിലെ മുതൽ പൊലീസിന്റെ വ്യാപക പരിശോധന ആരംഭിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരെ പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് നിലയുറപ്പിച്ചു.

സ്റ്റാന്റുകൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമായിരുന്നു. പൊതുഗതാഗത നിയന്ത്രണം ഏർപ്പെടുത്താത്തത് മൂലം രാവിലെ ചുരുക്കം ബസുകൾ സർവീസ് നടത്തി. എല്ലാ ബസുകളും പരിശോധിച്ചാണ് കടത്തി വിട്ടത്. തിരക്ക് കുറവായതിനാൽ ഭൂരിഭാഗവും ഉച്ചയോടെ സർവീസ് അവസാനിപ്പിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ദീർഘദൂര ബസുകൾക്ക് പുറമെ വാളയാർ ഉൾപ്പെടെ കെ.എസ്.ആർ.ടി.സി 37 സർവീസ് നടത്തി. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. നഗരത്തിൽ പൊതുവെ തിരക്ക് കുറഞ്ഞു. പാഴ്സൽ സർവീസുള്ള ഹോട്ടലുകളും പഴം,​ പച്ചക്കറി,​ പലചരക്ക് കടകളും പ്രവർത്തിച്ചു.

ഹയർ സെക്കൻഡറി പരീക്ഷ മുടക്കമില്ലാതെ നടന്നെങ്കിലും സ്വന്തമായി വാഹനമില്ലാത്ത വിദ്യാർത്ഥികൾ ബുദ്ധിമുട്ടി. കഞ്ചിക്കോട് വ്യവസായ മേഖലയും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചു. വാളയാറുൾപ്പെടെ സംസ്ഥാനാതിർത്തികളിൽ പരിശോധന ശക്തമാക്കി. ചരക്ക് ഗതാഗതം മാത്രമാണ് പരിശോധന കൂടാതെ കടത്തി വിട്ടത്.

കർശന നിയന്ത്രണത്തെ തുടർന്ന് ആശുപത്രികളിൽ തിരക്കില്ല. വാക്സിനേഷൻ കേന്ദ്രങ്ങളിലെല്ലാം കുത്തിവയ്പ് നടന്നു. രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമാണ് കുത്തിവെപ്പ്. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിലെ തിരക്കൊഴിഞ്ഞത് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമായി.

ഇന്നലെ പലരും രേഖയില്ലാതെയാണ് പുറത്തിറങ്ങിയത്. ഇവരെ താക്കീത് നൽകി വിട്ടയച്ചു. ഇന്ന് മതിയായ രേഖകളില്ലാതെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നും പിഴ അടക്കമുള്ള നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.