horse-race-pkd

ചിറ്റൂർ: രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണം ലംഘിച്ച് കുതിരയോട്ടം നടത്തിയതിന് സംഘാടകർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആഴ്ചകൾക്ക് മുമ്പെത്തിച്ച 54 കുതിരകൾ ഓട്ടത്തിൽ പങ്കെടുത്തു. മത്സരത്തിനിടെ കാണികളുടെ ഇടയിലേക്ക് പാഞ്ഞുകയറി തെറിച്ചുവീണ് ഒരു കുതിരയ്ക്കും ജോക്കിക്കും പരിക്കേറ്റു.

ദിവസങ്ങളായി കുതിരയോട്ട പരിശീലനം തുടർന്നിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ മത്സരത്തിന് അധികൃതർ അനുമതി നൽകിയിരുന്നില്ല. ചടങ്ങിന്റെ ഭാഗമായി വിവിധ സമുദായങ്ങൾ വഴിപാടായി കൊണ്ടുവന്ന കുതിരകളെ ക്ഷേത്രം വലംവച്ച് കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നാണ് സംഘാടകർ നഗരസഭയെയും പൊലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ രാവിലെ ഏഴുമുതൽ എട്ടുവരെ കുതിരകളെ റോഡിലൂടെ ഓടിച്ച് കൊണ്ടുവന്നു.

ആളുകൾ തടിച്ചുകൂടിയതോടെ പൊലീസെത്തി കുതിരയോട്ടം നിറുത്തിവയ്പിക്കുകയും കാണികളെ വിരട്ടിയോടിക്കുകയും ചെയ്തു.