പാലക്കാട്: രണ്ടുദിവസത്തെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണത്തിന് ശേഷം നിരത്തുകൾ വീണ്ടും സജീവമായി.
വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ പുറത്തിറങ്ങിയതോടെ നഗരത്തിൽ വാഹനത്തിരക്ക് അനുഭവപ്പെട്ടു. ജി.ബി റോഡ്, ഐ.എം.എ ജംഗ്ഷൻ, കോളേജ് റോഡ്, കോർട്ട് റോഡ്, സുൽത്താൻപേട്ട ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം വാഹനത്തിരക്ക് ഉണ്ടായിരുന്നു. സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ കുറവായിരുന്നു.
വലിയങ്ങാടിയിലും മറ്റ് കടകളിലും നല്ല തിരക്കനുഭവപ്പെട്ടു. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മതിയെന്ന ഉത്തരവിനെ തുടർന്ന് സിവിൽ സ്റ്റേഷനിലും സർക്കാർ മറ്റും തിരക്ക് കുറവായിരുന്നു. അതേസമയം ബാങ്കുകളിൽ തിരക്കുണ്ടായിരുന്നു.
നഗരസഭ പരിധിയിലെ കണ്ടെയ്മെന്റ് സോണുകളിൽ ചിലത് വലിയങ്ങാടിയുടെ ചുറ്റുമാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ തമിഴ്നാട്ടിൽ നിന്ന് അങ്ങാടിയിൽ എത്തുന്ന ചരക്ക് ലോറി ഡ്രൈവർമാരും ജീവനക്കാരും പലരും മാസ്‌ക് ധരിക്കാതെ ജോലി ചെയ്യുന്നതും ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വർഷം വ്യാപാരികളിലും ജീവനക്കാരിലും നടത്തിയ പരിശോധനയിൽ കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു മാസത്തോളം മാർക്കറ്റ് അടച്ചിട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയുള്ള മാർക്കറ്റിലെ തൊഴിലാളികളുടെ പ്രവർത്തനം വ്യാപനം കൂട്ടാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്.