പാലക്കാട്: കൊവിഡ് രണ്ടാംതരംഗം ശക്തമായതോടെ വിപണികളിൽ മാസ്കിനും സാനിറ്റൈസറിനും ആവശ്യക്കാരേറെ. ഇതോടെ വില നിയന്ത്രിക്കാനും പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാനും ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന ശക്തമാക്കി.
മാസ്‌കിനും സാനിറ്റൈസറിനും ക്ഷാമമില്ലാത്തതിനാൽ അമിത വില ഈടാക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. കൊവിഡിന്റെ തുടക്കത്തിൽ ഇരട്ടിയിലധികം ഈടാക്കിയിരുന്നെങ്കിൽ സർക്കാർ വില നിശ്ചയിച്ചതോടെ കുറഞ്ഞു. ഉല്പാദനം വർദ്ധിച്ചതോടെ എല്ലായിടത്തും സുലഭമാണ്. ഇത് വില പിടിച്ചുനിറുത്താൻ സഹായിച്ചു.
വൈറസ് ബാധ ആശങ്കയെ തുടർന്ന് വ്യാപാരികൾ സാനിറ്റൈസർ, മാസ്ക് എന്നിവയ്ക്ക് പരമാവധി വിലയുടെ ഇരട്ടിയിലധികം ഉയർത്തിയിരുന്നു. തുടർന്നാണ് സർക്കാർ ഇവയ്ക്ക് വില നിശ്ചയിച്ചത്. 200 മില്ലി സാനിറ്റൈസറിന് പരമാവധി 100 രൂപ മാത്രമാണ് വില. രണ്ടു ലെയർ പ്ലൈ മാസ്‌കിന് പരമാവധി എട്ടും മൂന്നുലെയർ മാസ്‌കിന് പത്തും രൂപയാണ് വില. എൻ 95 മാസ്‌കുകൾ പത്തു രൂപ മുതൽ ലഭിക്കും. ഉയർന്ന നിലവാരമുള്ളതിന് 90 ആണ് പരമാവധി വില.
ജില്ലയിലെ മാസ്ക്, സാനിറ്റൈസർ എന്നിവ വിൽക്കുന്ന കടകളിൽ ആവശ്യക്കാർ കൂടുതലാണ്. പലചരക്ക് കടകളിൽ പോലും അത്യാവശ്യത്തിന് മാസ്‌കുകൾ ലഭ്യമാണ്. കൂടാതെ പി.പി.ഇ കിറ്റുകൾക്കും കൈയിൽ കൊണ്ടുനടക്കാവുന്ന ചെറിയ സാനിറ്റൈസർ കുപ്പികൾക്കും ആവശ്യക്കാരേറെയാണ്.
രോഗവ്യാപനം കൂടിയതോടെ രണ്ട് മാസ്‌കുകൾ ഇടുന്നത് കൂടുതൽ ഉചിതമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് മാസ്‌ക് വിപണിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തിന് ശേഷം മാസ്‌കിന്റെ വില്പന മന്ദഗതിയിലായിരുന്നു.