പാലക്കാട്: ജില്ലയിലെ കൊവിഡ് ആശുപത്രികളിലേക്കുള്ള ഓക്സിജൻ സിലിൻഡറുകളുടെ വിതരണത്തിന് കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി അഗ്നിരക്ഷാ സേനയുടെ പരിശോധന. അപകടമുണ്ടാകാത്ത വിധം സിലിൻഡർ സൂക്ഷിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും ആവശ്യമായ മാർഗ നിർദേശം നൽകാനുമാണ് പരിശോധന നടത്തിയത്.
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ ഫയർ ഓഫീസർ വി.കെ.ഋതിജിന്റെ നേതൃത്വത്തിലാണ് പരിശോധന. ജില്ലാ ആശുപത്രി, ജില്ലാ വനിതാശിശു ആശുപത്രി, താലൂക്ക് ആശുപത്രികൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രി-22, പട്ടാമ്പി-16, ആലത്തൂർ-രണ്ട്, കിൻഫ്ര സി.എഫ്.എൽ.ടി.സി-അഞ്ച്, ജില്ലാ ആശുപത്രി-38, വനിതാശിശു ആശുപത്രി-42, കോട്ടത്തറ ട്രൈബൽ ആശുപത്രി-18 എന്നിങ്ങനെയാണ് ജില്ലയിൽ ഓക്സിജൻ സിലിൻഡറുകൾ ഉള്ളത്. ജില്ലാ ആശുപത്രിയിൽ ഓരോ ടൺ വീതമുള്ള നാല് ടാങ്കുമുണ്ട്. എല്ലാ ആശുപത്രിയിലും സിലിൻഡർ കാലിയാകുന്ന മുറയ്ക്ക് ഓക്സിജൻ നിറയ്ക്കും. നിറയ്ക്കുന്ന സമയത്തും അല്ലാതെയും സിലിൻഡറുകളുടെ സുരക്ഷ ഉറപ്പാക്കും.
കൊവിഡ് വ്യാപന സാഹചര്യത്തിൽ രോഗികൾക്കായി ഓരോ ആശുപത്രിയിലും ഒരു ദിവസം 15 ഓക്സിജൻ സിലിൻഡറെങ്കിലും എത്തുന്നുണ്ട്. ഈ സിലിൻഡറുകൾ കൈകാര്യം ചെയ്യുമ്പോൾ അപകടമുണ്ടാവാതിരിക്കാനുള്ള മാർഗ നിർദേശവും നൽകി. കൂടാതെ ഓക്സിജൻ സിലിൻഡർ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താനും നിർദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.