പാലക്കാട്: കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കിയതോടെ വ്യാപനം ജയിലുകളിലേക്കും. നിലവിൽ ജില്ലയിലെ ആറ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ജയിലിലെ നാലുപേർക്കും ഒറ്റപ്പാലം സബ് ജയിലിലെ രണ്ടുപേർക്കുമാണ് രോഗം. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഓരോ തടവുകാരനെയും ആലത്തൂർ സബ് ജയിലിൽ നിരീക്ഷണത്തിലാക്കി രോഗമില്ലെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് മറ്റ് ജയിലുകളിലേക്ക് അയക്കുന്നത്. എന്നിട്ടും രോഗം സ്ഥിരീകരിച്ചതിൽ അധികൃതർ ആശങ്കയിലാണ്. മലമ്പുഴ ജില്ലാ ജയിലിന് പുറമെ ആലത്തൂർ, ചിറ്റൂർ, ഒറ്റപ്പാലം സബ് ജയിലുകളുമാണ് ജില്ലയിലുള്ളത്. ചിറ്റൂർ സബ് ജയിലിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ജില്ലാ ജയിലിലടക്കം രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് ജയിൽവകുപ്പ്. തടവുകാരെ ഒന്നിച്ചിരിക്കാനോ കൂട്ടംകൂടാനോ അനുവദിക്കില്ല. രോഗവ്യാപനം ഒഴിവാക്കാൻ പരോൾ അനുവദിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. നിലവിൽ ജയിൽ ജീവനക്കാർക്ക് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ആലത്തൂർ സബ് ജയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ
രോഗവ്യാപനം രൂക്ഷമായതോടെ ആലത്തൂർ സബ് ജയിലിൽ നിന്ന് തടവുകാരെ ഒഴിപ്പിച്ചു. നിലവിൽ സബ് ജയിൽ, ജില്ലയിലെ ജയിലുകളുടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാണ്. ശിക്ഷിക്കപ്പെട്ടും റിമാന്റിലായുമെത്തുന്ന തടവുകാരെ ആദ്യം ആലത്തൂരിലെത്തിക്കും.
ഇവിടെ ഏഴ് ദിവസം താമസിപ്പിച്ച് കൊവിഡ് പരിശോധന നടത്തും. പോസിറ്റീവ് ആകുന്നവരെ ജില്ലാ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ മറ്റ് ജയിലുകളിലേക്കും മാറ്റും. നിലവിൽ ഒമ്പത് പേരാണ് നിരീക്ഷണത്തിലുള്ളത്. ഈ വർഷം ഇതുവരെ ഇങ്ങനെ എത്തിച്ച 39 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.