പാലക്കാട്: പൊതുപരീക്ഷ കഴിഞ്ഞതോടെ അദ്ധ്യാപകരെ കൊവിഡുമായി ബന്ധപ്പെട്ട വിവിധ ജോലികളിൽ നിയോഗിച്ചു. ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്നതോടെ അദ്ധ്യാപകർക്കുള്ള ജോലി തീരുമാനിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൊവിഡിന്റെ ഒന്നാംതരംഗത്തിലും അദ്ധ്യാപകരെ കൊവിഡ് ജോലികൾ ഏല്പിച്ചിരുന്നു. ഇത്തവണ നേരത്തെ തന്നെ ഇവരെ ജോലിയേല്പിക്കാൻ ധാരണയായിരുന്നെങ്കിലും പൊതുപരീക്ഷകളുടെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടുകയായിരുന്നു. കഴിഞ്ഞ തവണ അതിർത്തികളിലായിരുന്നു പ്രധാനമായും ജോലി. കൂടാതെ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് രാജ്യങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്നവർ രജിസ്റ്റർ ചെയ്തിരുന്ന ചെമ്പൈ സംഗീത കോളേജിലും അദ്ധ്യാപകരെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ തവണ നൽകിയ അദ്ധ്യാപകരുടെ പട്ടികയിൽ നിന്നാണ് ഇത്തവണയും ജോലിക്ക് ആളുകളെ നിയോഗിക്കുക. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോലി വീതിച്ച് നൽകുന്നത്. ജോലി ഏറ്റെടുക്കാൻ കഴിയാത്തവർക്ക് അത് ജില്ലാ കളക്ടർക്ക് മുമ്പാകെ ബോദ്ധ്യപ്പെടുത്താം. യുക്തമായ കാരണമാണെങ്കിൽ കളക്ടർ അവരെ ഒഴിവാക്കും. ഗർഗിണികൾ, കൊവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങൾ മരിച്ചവർ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികളുടെ അമ്മമാർ എന്നിവരെ ജോലിയിൽ നിന്നൊഴിവാക്കും.
ചെക്ക്‌പോസ്റ്റുകളിൽ നിയോഗിക്കുന്നത് അതിർത്തി പ്രദേശങ്ങളിലെ അദ്ധ്യാപകരെയാണ്. യാത്ര സൗകര്യം കൂടി കണക്കാക്കിയാണ് ജോലി നൽകുക. ഇത്തവണ അതിർത്തി ജോലികളിൽ നിന്ന് മാറ്റണമെന്നാണ് അവിടുത്തെ അദ്ധ്യാപകരുടെ നിലപാട്. ഇക്കാര്യം കളക്ടറെ ഇവർ അറിയിച്ചു. കൊവിഡ് വകഭേദമടക്കം കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ നിന്ന് രോഗം പടരാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ മറ്റു ജോലികളിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ഏൽപ്പിക്കുന്ന ജോലികൾ
1. വാക്സിൻ നൽകുന്ന കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുക, ആളുകൾക്ക് നിർദേശം നൽകുക.
2. അതിർത്തി കടക്കുന്നവർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക.
3. കൊവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക.