പാലക്കാട്: കൊവിഡ് ബാധിച്ച നിർദ്ധനർക്ക് ആശുപത്രി യാത്രയ്ക്ക് സ്വന്തം അംബാസഡർ കാറിൽ പി.പി.ഇ കിറ്റ് ധരിച്ച് പ്രതിഫലം നോക്കാതെ സഹായം ചെയ്യുകയാണ് എടത്തറ അഞ്ചാംമൈൽ കാഞ്ഞിരത്തുപറമ്പ് വീട്ടിൽ അറാഫത്ത്.
കൂട്ടുകാരന്റെ വീട്ടിൽ കൊവിഡ് പോസിറ്റീവായ ആൾക്ക് ആശുപത്രിയിൽ പോകാൻ ആംബുലൻസടക്കം ഒരു വാഹനവും ലഭിച്ചില്ലെന്നറിഞ്ഞ് മുന്നോട്ടു വന്നതാണ് തുടക്കം. പി.പി.ഇ കിറ്റ് വാങ്ങി ധരിച്ച് തന്റെ അംബാസഡർ കാറിൽ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
തുടർന്ന് വാർഡ് അംഗം രേണുക സഹായത്തിന് വിളിച്ചു. പ്രസവം കഴിഞ്ഞ യുവതിയും പിഞ്ചുകുഞ്ഞും കുടുംബാംഗവും രോഗം ബാധിച്ച് ആശുപത്രിയിലെത്താൻ വഴിയില്ലാതെ വിഷമിക്കുകയായിരുന്നു. അവരെ കാറിൽ എത്തിച്ചപ്പോൾ പ്രവേശിപ്പിക്കാനാകില്ലെന്നായി ആശുപത്രി അധികൃതർ. തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അറിയിച്ചാണ് ചികിത്സ ഉറപ്പാക്കിയത്.
അറാഫത്തിന്റെ സത്കർമ്മം കണ്ട് നാട്ടുകാരനായ ശ്രീകുമാർ തന്റെ ആൾട്ടോ കാറും സേവനത്തിന് വിട്ടുനൽകി. സുഹൃത്ത് മനുവും സഹായിക്കുന്നു. രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും കൊണ്ടുപോയി വന്നാലുടൻ കാർ സാനിറ്റൈസ് ചെയ്യും. പാവപ്പെട്ടവരിൽ നിന്ന് പണം വാങ്ങില്ല. ചിലർ നിർബന്ധിച്ച് നൽകിയാൽ പരാമാവധി 500-700 രൂപ സ്വീകരിക്കും.
കഴിഞ്ഞ വർഷം ലോക്ക് ഡൗണിൽ സുഹൃത്തുക്കളോടൊത്ത് ലോറി ഡ്രൈവർമാർക്കും വിശന്നുവലയുന്നവർക്കും പൊതിച്ചോറ് വിതരണം ചെയ്തിരുന്നു. എടത്തറയിൽ സർവീസ് സെന്ററും സ്‌പ്രേ പെയിന്റിംഗ് ഷോപ്പും നടത്തുകയാണ് അറാഫത്ത്.
പിതാവ് കാജ ഹുസൈനും മാതാവ് ആയിഷയും ഭാര്യ നൗഷിനയും പിന്തുണയുമായി ഒപ്പമുണ്ട്. അഫ്ത്താബ്, അഹ്സാബ്, അഹ്സാൻ എന്നിവരാണ് മക്കൾ.