k

പാലക്കാട്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർവീസ് പുനഃക്രമീകരിച്ചതിന്റെ ഭാഗമായി ജില്ലയിലെ കെ.എസ്.ആർ.ടി.സി സർവീസ് പകുതിയായി കുറച്ചു. പാലക്കാട് ഡിപ്പോയിൽ ആകെ 65 ഷെഡ്യൂൾ ഉള്ളത് ഇന്നലെ മുതൽ 35 എണ്ണമായി ചുരുക്കി. മറ്റു ഡിപ്പോകളിലും ഷെഡ്യൂൾ പകുതിയായി ക്രമീകരിച്ചു. കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് ക്രമീകരണം.

ദീർഘദൂര സർവീസുകളും കുറച്ചു. പാലക്കാട്-തിരുവനന്തപുരം ഏഴ് സർവീസുള്ളതിൽ അഞ്ചെണ്ണം റദ്ദാക്കി. കോഴിക്കോട് ഭാഗത്തേക്കുള്ള രാത്രി സർവീസ് നിലച്ചു. പകൽ അരമണിക്കൂർ വ്യത്യാസത്തിൽ സർവീസുണ്ട്. വാരാന്ത്യ ലോക്ക് ഡൗണുള്ള ശനി, ഞായർ ദിവസങ്ങളിൽ സർവീസ് വീണ്ടും പകുതിയാക്കും.

സർവീസ് ക്രമീകരിച്ചതോടെ ജീവനക്കാരുടെ എണ്ണവും പകുതിയാക്കി. ആഴ്ചയിൽ രണ്ട് ഡ്യൂട്ടി നിർബന്ധമാക്കുന്ന തരത്തിലാണ് ക്രമീകരണം. ചൊവ്വാഴ്ച ജില്ലയിലെ നാലു ഡിപ്പോകളും ഭൂരിഭാഗം സർവീസും നടത്തി. പാലക്കാട് ഡിപ്പോയിൽ 60 ബസ് ഓടി. 4,38,905 രൂപയാണ് വരുമാനം. മണ്ണാർക്കാട്-20, വടക്കഞ്ചേരി-25, ചിറ്റൂർ-25 എന്നിങ്ങനെയും ബസുകൾ ഓടി. യഥാക്രമം 138508,​ 146806,​ 159114 രൂപ കളക്ഷൻ കിട്ടി. ബോണ്ട് സർവീസ് കൃത്യമായി ഓടുന്നുണ്ട്.