പാലക്കാട്: ജില്ലയ്ക്ക് 20,000 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് ജില്ലയിലെ 105 കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നടക്കും. അഗളി, അട്ടപ്പാടി എന്നിവിടങ്ങളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 100 ഡോസ് വീതവും മറ്റു കേന്ദ്രങ്ങളിൽ 150 ഡോസ് വീതവുമാണ് കുത്തിവെപ്പ് നടത്തുക. മാർച്ച് ഒന്നു മുതൽ 19 വരെ ഒന്നാം ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് എടുക്കേണ്ടവർക്കാണ് നാളെ കുത്തിവെപ്പ് നടക്കുക. നിലവിൽ രണ്ടാം ഡോസ് എടുക്കേണ്ടവർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താതെ തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്ത് കുത്തിവെപ്പ് എടുക്കാം. ഇന്ന് ഫസ്റ്റ് ഡോസ് കുത്തിവെയ്പ്പ് ഉണ്ടാകില്ല. അതത് പ്രദേശങ്ങളിലെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കേണ്ടവർക്ക് ആവശ്യമായ അറിയിപ്പും നിർദ്ദേശങ്ങളും നൽകുന്നതിന് ആശാവർക്കർമാരെ ചുമതലപ്പെടുത്തിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
തടവുകാർക്ക് കുത്തിവയ്പ്പ് നൽകി
ജില്ലാ ജയിലിലെ തടവുകാർക്കും കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് നൽകി. ജയിലിൽ സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാമ്പിൽ 45 വയസിന് മുകളിലുള്ള 51 പുരുഷന്മാരും നാല് വനിതകളുമാണ് കൊവാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്നും ആറ് ആരോഗ്യപ്രവർത്തകർ ജയിലിൽ എത്തിയാണ് കുത്തിവയ്പ്പ് നൽകിയത്. നേരത്തേ തന്നെ ജയിലിലെ മുവുവൻ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു. 250 തടവുകാരുള്ള ജയിലിൽ കൊവിഡ് രണ്ടാം തരംഗത്തിൽ നാലുപേർ പോസിറ്റീവായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.