പത്തനംതിട്ട: പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന കോന്നി മണ്ഡലത്തിൽ ത്രികോണപ്പോര് മുറുകി. മുന്നിലെത്താൻ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ മറ്റ് രണ്ട് മുന്നണികളേക്കാളും മേൽക്കൈ നേടാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
എൽ.ഡി.എഫ് പ്രചാരണം ശക്തിപ്പെടുത്തി
അതേസമയം, മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ് പ്രചാരണം ശക്തിപ്പെടുത്തി. നിലവിലെ ഡി.വൈ.എഫ്.എെ നേതാവ് കെ.യു. ജനീഷ് കുമാറാണ് സ്ഥാനാർത്ഥി. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ ചുരുങ്ങിയ കാലത്തിനുള്ളിൽ നടപ്പാക്കിയതാണ് പ്രചാരണത്തിൽ എടുത്തു കാട്ടുന്നത്. ഡി.വൈ.എഫ്.എെയുടെ സ്ക്വാഡ് പ്രവർത്തനം ശക്തമാക്കി. വനിതാ വിഭാഗവും രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനവും സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സന്ദർശനവും അണികളിൽ ഉണർവുണ്ടാക്കി.
രാഹുൽഗാന്ധിയുടെ വരവോടെ കോൺഗ്രസ് ആവേശത്തിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോയുടെ ആവേശത്തിൽ യു.ഡി.എഫ് പ്രവർത്തനം ശക്തമായി. സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ സ്വീകാര്യത വിജയം ഉറപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. അടൂർ പ്രകാശ് എം.പി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നടത്തുന്ന പ്രവർത്തനങ്ങൾ യു.ഡി.എഫിന് നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
സുരേന്ദ്രന് ജയസാദ്ധ്യതയെന്ന് ബി.ജെ.പി സർവെ
കോന്നിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് വിജയസാദ്ധ്യതയെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സർവെ. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി രണ്ട് സർവെകൾ നടത്തിയത്. സുരേന്ദ്രന് 53,000 നും 58,000 നും ഇടയിൽ വോട്ട് ലഭിക്കും. ഏപ്രിൽ ആദ്യം ഒരു സർവെ കൂടി നടത്തും. പ്രചാരണത്തിൽ സുരേന്ദ്രൻ മുന്നിലാണെന്നും സർവെ പറയുന്നു.
വിശ്വാസ സംരക്ഷണം, മോദി സർക്കാരിന്റെ വികസന പദ്ധതികൾ, മണ്ഡല വികസനം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സുരേന്ദ്രന് വിജയസാദ്ധ്യത കണക്ക്കൂട്ടുന്നത്.
ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണ നായകനായി സുരേന്ദ്രനെ അവതരിപ്പിച്ചത് ഗുണം ചെയ്യുന്നുണ്ട്. സ്ത്രീ വോട്ടർമാർ അടക്കമുള്ള വിശ്വാസികൾക്ക് സുരേന്ദ്രൻ വിജയിക്കണമെന്നാണ് അഭിപ്രായം.
മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കണമെങ്കിൽ, അദ്ദേഹവുമായി അടുപ്പമുള്ള സുരേന്ദ്രൻ വിജയിക്കണം. ഇടത്, വലത് മുന്നണികൾ വികസന രംഗത്ത് മണ്ഡലത്തെ പിന്നോട്ടടിച്ചുവെന്നാണ് സർവെയിലെ അഭിപ്രായം. ആറ് പഞ്ചായത്തുകളിലായി മണ്ഡലത്തിലെ അൻപത് ശതമാനം ജനങ്ങൾ കുടിവെള്ള പ്രശ്നം നേരിടുന്നു. ഗ്രാമീണ റോഡുകൾ പൊളിഞ്ഞത് നന്നാക്കിയിട്ടില്ലെന്ന് സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
2019 ലോക്‌സഭ
ആന്റോ ആന്റണി (കോൺഗ്രസ്) 49667
വീണാ ജോർജ് (സി.പി.എം) 46946
കെ.സുരേന്ദ്രൻ (ബി.ജെ.പി) 46506
ഭൂരിപക്ഷം 2721
2019 ഒക്ടോബർ ഉപതെരഞ്ഞെടുപ്പ്
കെ.യു. ജനീഷഷ്‌കുമാർ (സി.പി.എം) 54099
പി. മോഹൻരാജ്(കോൺഗ്രസ്) 44146
കെ. സുരേന്ദ്രൻ (ബി.ജെ.പി) 39786
ഭൂരിപക്ഷം 9953