അടൂർ: നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ഷേർലിബായി വോട്ടഭ്യർത്ഥിക്കാനെത്തി. ഇടതുപക്ഷ വനിതാസംഘടനാ നേതാക്കളോടൊപ്പം കഴിഞ്ഞ ദിവസം അടൂരിലും കടമ്പനാട്ടുമാണ് വോട്ടഭ്യർത്ഥിച്ച് എത്തിയത്. ചിറ്റയം ഗോപകുമാർ കഴിഞ്ഞ പത്ത് വർഷക്കാലം അടൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ഇടതുപക്ഷം തുടർഭരണം നേടേണ്ടതിന്റെ ആവശ്യകതയും ക്ഷേമപ്രവർത്തനങ്ങളും എല്ലാം വിശദീകരിച്ചാണ് വോട്ടഭ്യർത്ഥന. ഹാട്രിക് വിജയത്തിനായി ചിറ്റയം അടൂരിൽ മത്സരിക്കുമ്പോൾ ഇതാദ്യമയാണ് ഭാര്യ ഷേർലിബായി വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിൽ ഇറങ്ങിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ ഹൈക്കോടതിയിലെ ജീവനക്കാരി എന്ന നിലയിൽ വോട്ട് അഭ്യർത്ഥിക്കാൻ ഇറങ്ങിയില്ല. സർവീസിൽ വിരമിച്ചതോടെ ഇതിനുള്ള സമയം കണ്ടെത്തുകയായിരുന്നു. ഒപ്പം അടൂരിൽതന്നെ സ്ഥിരതമാസക്കാരിയാവുകൂടിയാണ്. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.പത്മിനി അമ്മ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി പ്രഭാകുമാരി, കടമ്പനാട് പഞ്ചായത്ത് മെമ്പർ സിന്ധു ദിലീപ് ,കൃഷ്ണപിളള, കണ്ണൻ, അനൂപ് അച്ചുതൻ, തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. ഇത്രയേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് വോട്ടഭ്യർത്ഥനയ്ക്ക് ശേഷം ചിറ്റയം ഗോപകുമാറിന്റെ സഹധർമ്മിണി ഷേർലിബായി തറപ്പിച്ചു പറയുന്നു.