padmakumar
കെ.പത്മകുമാർ

റാന്നി: പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ റാന്നി മണ്ഡലത്തിൽ ത്രികോണപ്പോര് മറുകുന്നു. റാന്നിയിൽ രണ്ടാം അങ്കത്തിലാണ് എൻ.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി കെ.പദ്മകുമാർ. ഹെൽമറ്റാണ് ചിഹ്നം. എതിരാളികൾ പുതുമുഖങ്ങളും. സമുദായ പ്രവർത്തനത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് പൊതുരംഗത്ത് വിപുലമായ സൗഹൃദബന്ധങ്ങൾ നേടിയെടുത്തയാളാണ് പദ്മകുമാർ. റാന്നിയിൽ എൻ.ഡി.എയുടെ സാദ്ധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

? റാന്നിയിൽ എൻ.ഡി.എയുടെ സാദ്ധ്യതകൾ എങ്ങനെ.

= വിജയം നൂറ് ശതമാനം ഉറപ്പ്. റാന്നിയിൽ ഇത് രണ്ടാംതവണയാണ് മത്സരിക്കുന്നത്. 2016ൽ മത്സരിച്ചപ്പോൾ എൻ.ഡി.എയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായി. 2011ൽ 6.18 ശതമാനമായിരുന്നു റാന്നി മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ട്. എൻ.ഡി.എ സംവിധാനത്തിൽ മത്സരിച്ച 2016ൽ വോട്ട് 21.06 ശതമാനമായി കുതിച്ചുയർന്നു. നാലിരട്ടി വോട്ടുകളാണ് വർദ്ധിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും ഞാൻ മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഒരാേ ബൂത്തുകളിലും പേരെടുത്തു വിളിക്കാനുള്ള വ്യക്തിബന്ധങ്ങളുണ്ട്. സ്വീകരണ പരിപാടികളിൽ പൊതുജന പങ്കാളിത്തവും ആവേശവും കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായുണ്ട്. രാഷ്ട്രീയത്തിനുപരിയായി വോട്ടുകൾ നേടി നല്ല ഭൂരിപക്ഷത്തിൽ ഇത്തവണ വിജയിക്കാൻ കഴിയും.

? ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രധാന വിഷയങ്ങൾ.

= വികസനവും വിശ്വാസവുമാണ് ചർച്ച ചെയ്യുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ മണ്ഡലത്തിലും നടപ്പാക്കണം. അതിന് എൻ.ഡി.എയുടെ എം.എൽ.എ ഉണ്ടാകണം. റാന്നിയുടെ പൊതുവായ വികസന പിന്നാക്കാവസ്ഥ മാറ്റിയെടുക്കണം. ശബരിമല ഉൾക്കൊള്ളുന്ന ജില്ലയെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഉണ്ടാകണം. മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അതിന് പരിഹാരമുണ്ടാകണം. നല്ലൊരു പ്രൊഫഷണൽ കോളേജ് റാന്നിയിൽ ഇല്ല. ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യങ്ങളില്ല. നല്ല റോഡുകളില്ല. ശബരിമലയുടെ പേരിൽ ലഭിച്ച ചില റോഡ് വികസന പദ്ധതികൾ മാത്രമാണുളളത്.

ശബരിമലയുടെ മണ്ഡലമെന്ന നിലയിൽ ആചാര സംരക്ഷണ വിഷയങ്ങൾക്ക് പ്രത്യേക പ്രധാന്യമുണ്ട്. ശബരിമലയിൽ യുവതികളെ കയറ്റിയതും തുടർന്നുണ്ടായ പ്രശ്നങ്ങളും അമ്മമാരും സഹാേദരിമാരും അടങ്ങിയ വിശ്വാസികൾക്കെല്ലാം ഹൃദയവേദനയുണ്ടാക്കി. ശബരിമല വിഷയത്തിൽ ത്യാഗപൂർണമായ സമരം നടത്തിയത് ആരാണെന്ന് ചിന്തിക്കുന്നവരെല്ലാം എൻ.ഡി.എയ്ക്ക് വോട്ടു ചെയ്യും.

? എതിരാളികൾ ശക്തരാണോ.

അവരോട് ബഹുമാനമുണ്ട്. പോരാട്ടത്തിൽ മുന്നിൽ എൻ.ഡി.എ തന്നെയാണ്. ഞങ്ങൾ ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ്. ജനങ്ങളുടെ ആഗ്രഹം എൻ.ഡി.എ വിജയിക്കണമെന്നാണ്.

? വെല്ലുവിളികൾ.

മണ്ഡലത്തിലെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്രയാണ് വലിയ വെല്ലുവിളി. തകർന്ന റോഡുകളാണ് എവിടെയും. കാൽനൂറ്റാണ്ട് എം.എൽ.എ സ്ഥാനം ലഭിച്ചിട്ടും റാന്നിയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു വെല്ലുവിളിയുമില്ല.

? ചിഹ്നം പരിചയപ്പെടുത്തൽ എളുപ്പമാണോ.

നല്ല ചിഹ്നമാണ് ഹെൽമറ്റ്. എല്ലാ വീടുകളിലുമുണ്ട് ഹെൽമറ്റ്. ഇരുചക്രവാഹനക്കാരെ കാണുമ്പോൾ തലയിലേക്ക് ചൂണ്ടിയാൽ മതി. എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് ചിഹ്നം.