പത്തനംതിട്ട : മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന നിർദേശം നിലനിൽക്കുമ്പോഴും യാതൊരു പരിശോധനയുമില്ലാതെ അന്യസംസ്ഥാനക്കാർ ജില്ലയിൽ യഥേഷ്ടം സഞ്ചരിക്കുകയാണ്. ജോലിക്കെത്തുന്നവരുടെ കണക്കുകൾ ലേബർ ഓഫീസർമാർ ശേഖരിക്കാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമെന്ന പേരിൽ നിരവധി പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നുണ്ട്. ട്രെയിനിലും സ്വന്തം വാഹനത്തിലും ബസുകളിലും എത്തുന്ന ഇവർക്ക് പരിശോധന നടക്കുന്നില്ല. ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്നും താമസം എവിടെയാണെന്നും ഒന്നും അധികൃതർക്കും അറിവില്ല.
തൊഴിലാളികളായ അന്യ സംസ്ഥാനക്കാർ മുമ്പത്തേക്കാൾ കൂടുതൽ ജില്ലയിൽ എത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. അന്യസംസ്ഥാനത്ത് നിന്നെത്തുന്നവരുടെ പൂർണമായ കണക്ക് കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ പ്രവർത്തകരെ വലയ്ക്കുന്നുണ്ട്.
ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ അന്യസംസ്ഥാനക്കാർ ജില്ലയിൽ എത്തുന്നതാണ് മറ്റൊരു അപകടം. അത് കൊണ്ട് തന്നെ ഇവരുടെ വിവരങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും ഭാഷ അറിയാത്തതിനാൽ ആശയവിനിമയത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചിലർ ഒഴിഞ്ഞുമാറുകയും ചെയ്യും.
" തിരഞ്ഞെടുപ്പിന് ശേഷം വലിയ രീതിയിൽ കൊവിഡ് വർദ്ധിക്കുമോയെന്ന ആശങ്കയുണ്ട്. യോഗങ്ങളിൽ വലിയ ആൾക്കൂട്ടമാണ്. ഒരു വർഷമായി ആരോഗ്യപ്രവർത്തകർ അഹോരാത്രം പണിയെടുക്കുന്നു. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചു. കുട്ടികളിൽ ആണ് അവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ നിരവധി വന്നിറങ്ങുന്നുണ്ട്. കൃത്യമായ രേഖകളോ വിവരങ്ങളോ ഇവരുടെ കയ്യിൽ നിന്ന് ലഭ്യമാകുന്നുമില്ല. ഇവർ നിർബന്ധമായും ഏഴ് ദിവസം ക്വാറന്റൈൻ പാലിക്കണം. "
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ)
127 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്ത് നിന്ന് വന്നവരും, 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 107 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 60,328 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 54518 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 117 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 58,953 ആണ്.