road
അടൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി പന്തളം പ്രതാപന്റെ തി​രഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടൂരിൽ നടത്തിയ റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

അടൂർ : ആവേശക്കടലായി ഒഴുക്കിയെത്തിയ എൻ.ഡി.എ പ്രവർത്തകർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടൂരിലെ റോഡ് ഷോയെ വർണാഭമാക്കി. ഒന്നര മണിക്കൂറോളം നഗരം പ്രവർത്തകരുടെ ആവേശത്തിൽ നിശ്ചലമായി. ഇന്നലെ ഉച്ചയ്ക്ക് 12.35ന് സെൻട്രൽ ജംഗ്ഷനിൽ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. പ്രചാരണവാഹനത്തിന് തൊട്ടുപിന്നിലായി ഇരുനൂറ് പ്രവർത്തകർ പാർട്ടി പതാകയേന്തി അണിനിരന്നു. തൊട്ടുപിന്നിലായി കഥകളിരൂപങ്ങൾ, പുലികളി, മയിലാട്ടം, കൃഷ്ണനാട്ടം, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങളും അതിന് പിന്നിലായി റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയ നൂറ് കണക്കിന് വനിതകൾ ഉൾപ്പെടെയുള്ളവരും അണിനിരന്നു. തൊട്ടുപിന്നാലെ യോഗി ആദിത്യനാഥിനെ വഹിച്ചുകൊണ്ടുള്ള രഥവും നീങ്ങി. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പന്തളം പ്രതാപൻ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായർ എന്നിവരും യോഗിക്കൊപ്പം രഥത്തിലുണ്ടായിരുന്നു. പാതകളുടെ ഇരുവശങ്ങളിലായി നൂറ് കണക്കിന് ആളുകളും തടിച്ചുകൂടിയിരുന്നു. നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയുടെ സമാപനം കുറിച്ച് യോഗി ആദിത്യനാഥ് സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ പ്രവർത്തകർ അത് ഏറ്റുവിളിച്ചു. മലയാളത്തിൽ തുടങ്ങിയ പ്രസംഗം പിന്നീട് ഹിന്ദിയിലേക്ക് മാറ്റി. തുടർന്ന് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിൽ ഒരുക്കിയ ഉച്ചഭക്ഷണവും കഴിച്ചാണ് യോഗി മടങ്ങിയത്.

കൈതപ്പറമ്പിലുള്ള മൗണ്ട്സിയോൺ മെഡിക്കൽ കോളേജിലെ ഹെലിപ്പാഡിൽ ഇറങ്ങിയ യോഗി ആദിത്യനാഥിനെ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടി രാജേഷ് തെങ്ങമം സ്വീകരിച്ചു. ജില്ല വൈസ് പ്രസിഡന്റ് എം.ജി.കൃഷ്ണകുമാർ ജില്ലാ സമിതി അംഗം ശശിധരൻ നായർ, പന്തളം മുൻസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷ്, വേണുഗോപാൽ. ആർ. ജിനു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇരുമുന്നണികളും കളിക്കുന്നത് വോട്ട്
ബാങ്ക് രാഷ്ട്രീയം: യോഗി ആദിത്യനാഥ്

അടൂർ : കേരളത്തിന്റെ സുരക്ഷയെതന്നെ ബാധിക്കുന്ന തരത്തിൽ മുസ്ളീംലീഗുമായി കോൺഗ്രസും എസ്.ഡി.പി.ഐയുമായി സി.പി.എമ്മും നീക്കുപോക്ക് നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പന്തളം പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ലൗ ജിഹാദ് സംഭവങ്ങൾ അധികരിച്ചു. 2009 ൽ ഇത് ഫലപ്രദമായി നിയന്ത്രിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതാണ്.എന്നാൽ ഇതിനെതിരെ നിയമ നിർമ്മാണം നടത്താൻ കേരളത്തിലെ സർക്കാരുകൾ തയ്യാറായില്ല. യു.പിയിൽ ഇത് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു. സംസ്ഥാന സർക്കാർ എല്ലാമേഖലകളിലും പരാജയമാണ്. മുഖ്യമന്ത്രിയുടെ ഒാഫീസ് വരെ സ്വർണ്ണക്കടത്തിൽപ്പെട്ടു. അപ്പോൾ മറ്റ് ഒാഫീസുകളുടെ കാര്യം പറയാനുണ്ടോ, അയ്യപ്പസ്വാമിയോട് കാട്ടിയ നെറികേടിനും ശബരിമലയിൽ കാട്ടിയ ആചാരലംഘനത്തിനും മറുപടി കൊടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പന്തളം പ്രതാപൻ, ബി. ജെ. പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി എന്നിവരും യോഗി ആദിത്യനാഥിനൊപ്പം ഉണ്ടായിരുന്നു.