തിരുവല്ല: നാടെങ്ങും സ്വീകരണങ്ങൾ ഏറ്റുവാങ്ങി മണ്ഡല പര്യടനം പൂർത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ പെസഹ ദിനമായ ഇന്നലെയും ഓട്ടപ്രദക്ഷണത്തിലായിരുന്നു. പരസ്യ പ്രചാരണം നാലിന് അവസാനിക്കാനിരിക്കെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥി. രാവിലെ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ പങ്കെടുത്തു. കുന്നന്താനത്ത് ദൈവ പരിപാലന ഭവനിലും സന്ദർശനം നടത്തി. കീഴ് വായ്പൂര്, നിരണം എന്നിവിടങ്ങളിൽ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. തുടർന്ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷയിൽ പങ്കുകൊണ്ടു. വൈകിട്ട് തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും വ്യാപാര കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ രാവിലെ 9ന് മല്ലപ്പള്ളിയിലെ പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് തിരുവല്ലയിൽ ശശി തരൂർ എം.പി നയിക്കുന്ന റോഡ് ഷോയും നടക്കും.