കോഴഞ്ചേരി: ആറൻമുളയിലെ എൻ. ഡി.എ സ്ഥാനാർത്ഥി ബിജുമാത്യുവിന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം, കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കോഴഞ്ചേരിയിൽ നടന്ന റോഡ് ഷോ ആവേശമായി. പ്രതികൂലകാലാവസ്ഥ കാരണം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദക്കു റോഡ് ഷോയിൽ പങ്കെടുക്കാനായില്ല .ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് പ്രവർത്തകർക്ക് ആവേശം പകർന്ന് റോഡ് ഷോ നയിച്ചത്. ഉച്ചയ്ക്ക് 2.30 ന് കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങാനിരുന്ന റോഡ് ഷോ മഴമൂലം വൈകിട്ട് 5 നാണ് ആരംഭിച്ചത്. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി ബിജു മാത്യുവിനൊപ്പം കെ. സുരേന്ദ്രൻ ജനങ്ങളെ അഭിവാദ്യം ചെയ്തു. . മഴയെ അവഗണിച്ച് നിരവധിപേരാണ് റോഡരികിൽ കാത്തുനിന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അനവധി വാഹനങ്ങളുമായി പ്രവർത്തകർ അകമ്പടിയായി. മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ അഭിലാഷ് ഓമല്ലൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ , ബാബു കുഴിക്കാലാ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് പൂവത്തൂർ എന്നിവർ നേതൃത്വം നൽകി. ഇന്നലെ ഉച്ചയ്ക്ക് 2.10 ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന ജെ.പി. നദ്ദ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പാർട്ടി ദേശീയ അദ്ധ്യക്ഷനെ നേരിട്ട് കാണാനും സ്വീകരണം നൽകാനും പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞ് 1.30 മുതൽക്കേ പ്രവർത്തകർ എത്തിയിരുന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും വർണ ബലൂണുകളും സ്റ്റേഡിയത്തിൽ നിറഞ്ഞു. താലപ്പൊലിയുമായി വനിതകളും എത്തിയിരുന്നു.