പത്തനംതിട്ട : രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെങ്കിലും ചുവപ്പ് കണ്ടാൽ അച്ഛേടെ കൊടിയാണെന്ന് പറയും മൂന്നു വയസുകാരി ആസിഫ. എട്ടുവയസുകാരൻ നൃപനും കൂടിചേർന്നാൽ ഇങ്ക്വിലാബ് വിളി കേൾക്കാം സീതത്തോട് കാലായിൽ വീട്ടിൽ. മക്കൾക്ക് അച്ഛനെ കാണാൻ കിട്ടുന്നില്ലെന്ന പരാതിയാണിപ്പോഴെന്ന് കെ.യു ജനീഷ് കുമാറിന്റെ ഭാര്യ അനു പറയുന്നു.
കത്‌വയിലെ ആസിഫയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരുന്ന നാളിലായിരുന്നു മകളുടെ ജനനം. അതുകൊണ്ടു തന്നെ മകൾ എന്നറിഞ്ഞപ്പോൾ പേരിടാൻ ഞങ്ങൾക്ക് കൂടുതൽ ആലോചിക്കാനൊന്നുമില്ലായിരുന്നു. മകളെ ചേർത്തുപിടിച്ച് അനു പറയുന്നു. എല്ലാവരും ചോദിച്ചു എന്തിനാണ് ഇങ്ങനെയൊരു പേര് ?. ഞങ്ങൾ രണ്ടുപേരും ആ പേര് മതിയെന്ന് ഉറപ്പിച്ചിരുന്നു.
മൂത്തമകൻ നൃപന് എട്ട് വയസുണ്ട്.
വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം രാവിലെ സമരത്തിന് പോയ ആളെ കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ട് ഞാൻ. അപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം പിടികിട്ടിയിരുന്നുവെന്ന് ഒരു ചിരിയോടെ അനു പറയുന്നു. രാവിലെ തന്നെ വീട്ടിൽ തിരക്കാകും. എം.എൽ.എ ആയപ്പോൾ തിരക്ക് വർദ്ധിച്ചു. എല്ലാവരോടും പെട്ടന്ന് ഇടപെടുന്നയാളാണ് അദ്ദേഹം.
രാവിലെ 5ന് ജനീഷിന്റെ ഒരു ദിവസം ആരംഭിക്കും. തിരക്കായതോടെ ഉറക്കം കുറഞ്ഞു, പലപ്പോഴും നാല് മണിക്കൂർ മാത്രമാണ് ഉറങ്ങാൻ കഴിയുന്നത്.
അച്ഛൻ കർഷകനായതിനാൽ ചെറുപ്പം മുതലേ കൃഷിയോട് താൽപര്യമാണ്. രാവന്തിയോളം കൃഷി ചെയ്യാൻ ഒരു മടിയുമില്ല. വായനാശീലവും ഒട്ടുംകുറവല്ല. ഇപ്പോൾ സമയമില്ലാത്തതാണ് പ്രശ്നം. രാഷ്ട്രീയ ചർച്ചകൾ പൊതുവേ വീട്ടിലേക്ക് കൊണ്ട് വരാതിരിക്കാൻ ശ്രമിക്കും. വ്യക്തിപരമായും രാഷ്ട്രീയമായും നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിയാവുന്നതുകൊണ്ട് എന്ത് വന്നാലും ഞങ്ങൾ ഒരുമിച്ച് നിൽക്കുകയാണ് പതിവെന്ന് അനു പറയുന്നു.
ജനീഷിന് നൂറ്റൊന്ന് ശതമാനം വിജയം ഉറപ്പാണെന്ന വിശ്വാസമുണ്ട് അനുവിന്. കുടുംബയോഗങ്ങളിലും വീടുകളിലും സന്ദർശനം നടത്തുമ്പോൾ അത് മനസിലാകും. സ്വന്തം വീട്ടിലെ ആളെപ്പോലെയാണ് കോന്നിക്കാർ ജനീഷിനെ കാണുന്നത്.
മെഡിക്കൽ കോളേജ് ആയിരുന്നു ഏറ്റവും വലിയ നേട്ടം. ഭരണത്തിലെത്തിയപ്പോൾ മുതൽ അതിനായുള്ള ഓട്ടമായിരുന്നു. കൊവിഡ് സാഹചര്യത്തിൽ കൃത്യ സമയത്ത് മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചു. കോന്നിയിലെ വിവിധ റോഡുകൾ നവീകരിച്ചതായിരുന്നു മറ്റൊരു ഉദ്യമം. ആവണിപ്പാറയിൽ വൈദ്യുതി എത്തിച്ചതിലൂടെ വർഷങ്ങളായുള്ള ദുരിതത്തിന് അറുതി വരുത്തുകയായിരുന്നു. തിരഞ്ഞെടുത്ത അന്ന് മുതൽ ജനങ്ങളൊടൊപ്പം ചെലവഴിച്ച എം.എൽ.എ വീണ്ടും ജനവിധി തേടുമ്പോൾ തോറ്റ ചരിത്രം കേൾക്കില്ലെന്ന് ആത്മവിശ്വാസത്തോടെ അനു ഉറപ്പിച്ചു പറയുന്നു.
ഇത് രണ്ടാം അങ്കം
നിയമസഭയിലേക്ക് രണ്ടാം തവണയാണ് ജനീഷ് ജനവിധി തേടുന്നത്. 2012 ൽ സീതത്തോട് വാലുപാറ അഞ്ചാം വാർഡിലെ മെമ്പറായിരുന്നു. സീതത്തോട് കെ.ആർ.പി.എം എച്ച് .എസ്. എസിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമാണ്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽ.എൽ.ബിയും നേടി. 2019 ൽ കോന്നി ഉപതിരഞ്ഞെടുപ്പിലാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സീതത്തോട് കാലായിൽ വീട്ടിൽ പരേതനായ പി.ഉത്തമന്റെയും വിജയമ്മയുടെയും മകനാണ്.