mallappally-pollution
മല്ലപ്പള്ളി വലിയതോട്ടിലേക്ക് മാലിന്യം തള്ളാതിരിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി വിഭാവനം ചെയ്ത് നടപ്പിലാക്കിയ പ്ലാസ്റ്റിക്‌വേലി രാത്രിവെളിച്ചത്തിൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച

മല്ലപ്പള്ളി: മണിമലയാറ്റിലേക്ക് മാലിന്യം തള്ളുന്നതായി പരാതി. മല്ലപ്പള്ളി ടൗണിനോട് ചേർന്നുള്ള വലിയപാലത്തിൽ വാഹനങ്ങൾ നിറുത്തി ചാക്കുകണക്കിന് മാലിന്യം പതിവായി തള്ളുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. ടൗണിലും പരിസരത്തും കാമറകൾ പ്രവർത്തിക്കുന്നതിനാലും മുൻപ് മാലിന്യം തള്ളിയിരുന്ന വലിയതോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കാതിരിക്കാൻ പഞ്ചായത്ത് ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പ്ലാസ്റ്റിക് വേലി നിർമ്മിച്ചതോടുകൂടിയാണ് മാലിന്യം നിക്ഷേപം നേരിട്ട് ആറ്റിലേക്ക് ആക്കിയത്. രാത്രി 10നും പുലർച്ചെ ഒന്നിനും ഇടയിലാണ് മാലിന്യം കൊണ്ടിടുന്നത്. പാലത്തിന് താഴെ തടയണയുള്ളതിനാൽ മാലിന്യം അവിടെകിടന്ന് ചീഞ്ഞ് മല്ലപ്പള്ളി കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്ക് ഇറങ്ങും. പകർച്ചവ്യാധിയും, ജലജന്യരോഗങ്ങളും പൊട്ടിപുറപ്പെടാൻ ഇത് കാരണമാകും. കൂടാതെ മാലിന്യം താഴേക്ക് ഒഴുകുന്നതുമൂലം മണിമലയാറ്റിലെ കുളിക്കടവും വെള്ളവും ഉപയോഗിക്കുന്നവർക്കും കുട്ടനാടുവരെ ആറ്റുതീരത്ത് താമസിക്കുന്നവർക്കും ദുരിതമാകും. മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ടവർ സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.