ആറന്മുള: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ സ്വീകരണ പര്യടനത്തിന് ആവേശകരമായ സമാപനം .

കോരിച്ചെരിയുന്ന മഴയത്തും ആവേശത്തിരയിളക്കി പ്രവർത്തകർ എല്ലാ സ്വീകരണ സ്ഥലങ്ങളിലും നിറഞ്ഞു നിന്നു. പത്തനംതിട്ട നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയത്. രാവിലെ കുമ്പഴ പള്ളിക്കുഴിയിൽ നിന്ന് സ്വീകരണം ആരംഭിച്ചു. അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വളവുങ്കൽ, മൈലാടുംപാറ സെന്റർ, മൈലാടുംപാറ താഴം, പനംതോപ്പ്, പ്ലാവേലി, നെടുമാനാൽ, കുമ്പഴ, പൂതക്കുഴി, പാറമട എന്നിവിടങ്ങളിൽ നിരവധി പേരാണ് വീണാ ജോർജിനെ സ്വീകരിക്കാനെത്തിയത്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ,വിദ്യാഭ്യാസ, കാർഷിക മേഖലകളിലെ മുന്നേറ്റം എന്നിങ്ങനെ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ കാര്യങ്ങൾ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി വിശദീകരിച്ചു. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ ഇതുവരെ 4500 പേർക്ക് ചികിത്സ നൽകാനായെന്നും വീണാ ജോർജ് പറഞ്ഞു. ചേന്തിയത്തുപടിയിലെ സ്വീകരണ കേന്ദ്രത്തിൽ വീണാ ജോർജിന് അഭിവാദ്യം അർപ്പിച്ച് കുട്ടിക്കൂട്ടവുമെത്തി. വീണാ ജോർജിനെ കാണണമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ട ദേവനന്ദന ദിനേശ് കരിമ്പനാക്കുഴിയിലെ സ്വീകരണ കേന്ദ്രത്തിലെത്തി വീണാ ജോർജിന് അഭിവാദ്യം അർപ്പിച്ചു. ടി.കെ.ജി നായർ, എം.വി സഞ്ജു, ബി.ഷാഹുൽ ഹമീദ്, നൗഷാദ് കണ്ണൻകര, സുമേഷ് ഐശ്വര്യ, ഡി. സജി, എം.ജെ രവി, വർഗീസ് മുളയ്ക്കൽ, കെ.ആർ അജിത്ത് കുമാർ, അബ്ദുൾ ഷുക്കൂർ, അമൃതം ഗോകുലം, സജി കുമാർ, ഷഫീഖ്, അൻസാരി, അശോക് കുമാർ, ഹരിദാസ്, സുമേഷ്, പി.കെ ജേക്കബ് എന്നിവർ പര്യടനത്തിൽ പങ്കെടുത്തു.