ചെങ്ങന്നൂർ: യു.ഡി.എഫ് പ്രചരണ വീഡിയോയിൽ സഖാവായി മുൻ നഗരസഭാ ചെയർമാൻ. മികച്ച കലാകാരൻ കൂടിയ കെ.ഷിബു രാജനാണ് വീഡിയോ ചിത്രത്തിൽ സഖാവായി അഭിനയിക്കുന്നത്. നിലവിൽ കൗൺസിലറുമായ കെ.ഷിബു രാജൻ വീഡിയോ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ്. സിരീയൽ താരം സൂസൻ അലക്‌സാണ് ചിത്രത്തിലെ നായിക. ഭർത്താവും ഭാര്യയും തമ്മിൽ വീട്ടിനുള്ളിലെ സംഭാഷണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയുളള വിമർശനങ്ങൾ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സ്വർണക്കള്ളകടത്ത്, വെള്ളപ്പൊക്കം, പിൻവാതിൽ നിയമനം, ശബരിമല വിഷയം, മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് പ്രയോഗം എന്നിവയാണ് പ്രതിപാദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ നാടകങ്ങൾ ഉൾപ്പെടെ 1500 ഓളം വേദികളിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഷിബുരാജൻ. പശ്ചാത്യ, പൗരസ്ത്യ നൃത്ത ഇനങ്ങൾ, നാടൻ കലകൾ എന്നിവ ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും തെരുവു നാടകങ്ങളിലും അഭിനയിക്കുകയും സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ, കോളേജ് തലങ്ങളിൽ വിവിധ കലാ മത്സരങ്ങളിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കെ.പി.സി.സി കലാ സാംസ്‌കാരിക വിഭാഗം സംസ്‌കാര സാഹിതിയുടെ മുൻ ജില്ലാ ചെയർമാനും ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തയാറാക്കുന്ന ഏഴ് വീഡിയോ ചിത്രങ്ങളിൽ ഏറ്റവും ദൈർഘ്യമുള്ളതും പ്രധാനപ്പെട്ടതുമായ വീഡിയോ ചിത്രമാണിത്. പ്രചരണ ചിത്രങ്ങളുടെ സംവിധായകൻ ആദർശ് എൻ.കൃഷ്ണയാണ്. കാമറ അനൂപ് ശിവനും പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് ചുനക്കരയുമാണ്. ചാരുംമൂട് വിസ്മയ സ്റ്റുഡിയോ ഉടമ ഷാൽ വിസ്മയയാണ് പ്രചാരണ വീഡിയോ ചിത്രങ്ങളുടെ നിർമ്മാതാവ്. ഇന്ന് മുതൽ സാമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ ചിത്രം പ്രചാരണ രംഗത്ത് സജീവമാകും.