തിരുവല്ല : തിരുവല്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസിന്റെ പ്രചരണ വാഹനം പെരിങ്ങരയിൽ നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ അപ്രോച്ച് റോഡിൽ തലകീഴായി മറിഞ്ഞു. മാത്യു ടി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മൈക്ക് അനൗൺസ്മെന്റ് നടത്തുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങര പി.എം.വി സ്കൂൾ - മാവേലിൽപ്പടി റോഡിൽ മുണ്ടന്താനത്ത് പടിയിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. കനത്ത മഴ പെയ്യുന്നതിനിടെ മാവേലിൽപ്പടി ഭാഗത്ത് നിന്ന് വന്ന ജീപ്പ് കലുങ്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നിർമാണം പാതിയായ അപ്രോച്ച് റോഡിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട ജീപ്പ് ആറരയോടെ ക്രെയിൻ ഉപയോഗിച്ച് മാറ്റി.