മല്ലപ്പള്ളി : എല്ലായ്പ്പോഴും പുഞ്ചിരി നിറഞ്ഞ മുഖം. ആരോടും വഴക്കിടാത്ത പ്രകൃതം. നാട്ടിൽ എല്ലാവർക്കും കുഞ്ഞച്ചായൻ ആണ്. എന്ത് ആവശ്യത്തിന് വിളിച്ചാലും ഒപ്പം ചെന്ന് എല്ലാം ശരിയാക്കിയിട്ടേ മടങ്ങു. തിരുവല്ല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിന്റെ ഭാര്യ സോളി പറയുന്നു.
ആദ്യ അവസരം ആയതുകൊണ്ട് തന്നെ മണ്ഡലത്തിലെ ചില മേഖലകൾക്ക് പുതിയമുഖം ആണ്. ഭവന സന്ദർശനത്തിനും യോഗങ്ങൾക്കും പോകുമ്പോൾ എല്ലാവർക്കും നല്ല സ്നേഹമാണ്. കുടിവെള്ളമാണ് ജനങ്ങളുടെ പ്രധാന പ്രശ്നം. സ്ത്രീകളുടെ ഏറ്റവും വലിയ പരാതിയും അതാണ്.
രാവിലെ 5.30ന് കുഞ്ഞുകോശിയുടെ ഒരു ദിവസം തുടങ്ങും. പത്രം വായന നിർബന്ധമാണ്. എന്നിട്ടാണ് ബാക്കി ജോലികളെല്ലാം.
പ്രത്യേക ആഹാര ചിട്ടകൾ ഒന്നുമില്ല. ഉച്ചയ്ക്ക് ചിലപ്പോ പോകുന്ന വഴിക്ക് കഴിക്കും. അല്ലെങ്കിൽ വീട്ടിൽ നിന്നാകും. രാത്രി 9.30 മുമ്പ് വീട്ടിൽ മടങ്ങി എത്തും. തിരക്കിനിടയിലും കുടുംബവുമായി ചെലവഴിക്കാൻ സമയം കണ്ടെത്തുന്നയാളാണ് കുഞ്ഞുകോശിപോളെന്നും സോളി പറയുന്നു. അവധി ദിനങ്ങളിൽ യാത്ര പോകാൻ ഇഷ്ടപ്പെടുന്നയാളാണ്. കുടുംബവുമായി പറ്റാവുന്നിടത്തെല്ലാം പോകും.
റിട്ട. അദ്ധ്യാപികയാണ് സോളി. മൂത്തമകൾ സ്നേഹ ഷാർജയിൽ അദ്ധ്യാപികയാണ്. ഇളയമകൾ സ്വപ്ന നിയമ വിദ്യാർത്ഥിനിയും.
വികസനം കണക്കിൽ മാത്രം
കോടിയുടെ വികസനം നടത്തിയെന്ന് അവകാശപ്പെടുന്നവർ നാട്ടിലിറങ്ങിയാൽ അറിയാം ജനങ്ങളുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന്. സാധാരണക്കാരന് കുടിവെള്ളം ഇല്ല. തിരുവല്ലയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കോടികൾ ചെലവിട്ടിട്ടും പ്രയോജനമൊന്നുമില്ല. ആറ് സിഗ്നൽ ഉള്ള ബൈപാസ് കണ്ട് ജനം ചിരിക്കുകയാണ്. യാത്ര ചെയ്യുന്നവരെ മൊത്തം വലയ്ക്കുന്ന ബൈപ്പാസ് ആണത്. റോഡ് വികസനവും പൂർണമല്ല. മല്ലപ്പള്ളി സമാന്തരപാലം, ഫയർഫോഴ്സ് ഓഫീസ് എന്നിവ വർഷങ്ങളായുള്ള മല്ലപ്പള്ളിയുടെ ആവശ്യമാണ്. ശബരിമല വിശ്വാസികളായ സ്ത്രീകൾ ഒരിക്കലും ഈ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നില്ല.: കുഞ്ഞുകോശി പോൾ
ചെറുപ്പത്തിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം
ചെറുപ്രായത്തിൽ തന്നെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പ്രഥമ പത്തനംതിട്ട ജില്ലാ കൗൺസിലേക്ക് അനായാസം വിജയിച്ചു കയറി. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വൈസ് പ്രസിഡന്റായി. മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, മല്ലപ്പള്ളി ഹൗസിംഗ് കോ -ഓപ്പറേറ്റീവ് സഹകരണ സംഘം ഡയറക്ടർ എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങൾ വഹിച്ചു. കേരളാ കോൺഗ്രസിന് നല്ലവേരോട്ടമുള്ള മദ്ധ്യതിരുവതാംകൂറിലും മറ്റും പാർട്ടി പലവട്ടം പിളർന്നപ്പോഴും അണികൾ കൂറുമാറിയപ്പോഴും പി.ജെ.ജോസഫിന്റെ കൂടെ നിന്നു. ഇപ്പോൾ പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ്. ഓർത്തഡോക്‌സ് സഭാ വിശ്വാസിയായ കുഞ്ഞുകോശി പോൾ സഭാപ്രവർത്തനങ്ങളിലും സജീവമാണ്.