തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 12-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ രണ്ടാംദിവസത്തെ ഉദ്ഘാടനം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നിർവഹിച്ചു. ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി ബൗദ്ധീകമായ എല്ലാകാര്യങ്ങളിലും ഗുരുദേവ ദർശനങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദർശനങ്ങളിൽ അധിഷ്ഠിതമായിരിക്കണം ജീവിതം. നല്ല സമൂഹത്തെ വാർത്തെടുക്കാൻ ഗുരുദേവ ദർശനങ്ങൾക്ക് മാത്രമേ സാധിക്കൂ. യുവതലമുറയ്ക്ക് ഗുരുവിന്റെ ദർശനങ്ങൾ അറിയാനുള്ള വേദികൾ സൃഷ്ടിക്കുന്നതിൽ തിരുവല്ല യൂണിയൻ ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ സരസൻ ഓതറ,ബിജു മേത്താനം,അനിൽ ചക്രപാണി,മനോജ് ഗോപാൽ,പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി,കെ.എൻ.രവീന്ദ്രൻ,പോഷകസംഘടനാ ഭാരവാഹികളായ അംബിക പ്രസന്നൻ,സുധാഭായി,രാജേഷ് ശശിധരൻ,സുമേഷ് ആഞ്ഞിലിത്താനം,സനോജ് കളത്തുങ്കൽമുറി,ശരത് ഷാജി,ഷാൻ രമേശ്,അശ്വിൻ സരേഷ്, ദീപുശാന്തി,സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു. യൂണിയൻ ബാലജനയോഗം കോർഡിനേറ്റർ വിശ്വനാഥൻ ഓതറ കൃതജ്ഞത അർപ്പിച്ചു. എറണാകുളം നിത്യനികേതനാശ്രമത്തിലെ സ്വാമിനി നിത്യചിന്മയി ശിവപ്രസാദപഞ്ചകം ആധാരമാക്കി പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുവിന്റെ ശിവപ്രസാദപഞ്ചകം എന്ന കൃതി, ജീവിതത്തിലെ കൊച്ചുകൊച്ചു താല്പര്യങ്ങളിൽ നിന്നും മനസിനെ അടർത്തിമാറ്റി ഗുരുവിന്റെ വിശാലമനസിലേക്ക് പ്രവേശിക്കുവാനുള്ള ഒരു കവാടമാണെന്ന് സ്വാമിനി പറഞ്ഞു.
കൺവെൻഷൻ നഗറിൽ ഇന്ന്
ഇന്ന് രാവിലെ 10ന് മതാതീത ആത്മീയ സമ്മേളനം എസ്.എൻ.ഡി.പി.യോഗം ലീഗൽ അഡ്‌വൈസർ അഡ്വ.രാജൻബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് ശാഖാംഗങ്ങളായ ജനപ്രതിനിധികൾക്ക് ആദരവ് നൽകും.10.30ന് ഗുരുദേവനും എസ്.എൻ.ഡി.പി.യോഗവും എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.റ്റി.മന്മഥനും ഉച്ചയ്ക്ക് 1.30ന് ആത്മോപദേശശതകത്തെ ആസ്പദമാക്കി കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയും പ്രഭാഷണം നടത്തും.