നാടിനെ പ്രണമിച്ച് പീഡാനുഭവ സ്മരണകൾ പുതുക്കി മോദിയുടെ പ്രസംഗം
കോന്നി: ഉച്ചയ്ക്ക് 1.47. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ആകാശ സീമയിൽ രണ്ട് ഹെലികോപ്റ്ററുകൾ പറക്കുന്നു. വിജയ് റാലിയുടെ തിങ്ങിനിറഞ്ഞ സദസാകെ ഇളകി. ഇരു കൈകളുമുയർത്തി ഭാരത് മാതാ കീ ജയ് വിളികൾ ഉച്ചത്തിലായി. പ്രവർത്തകരുടെ വീരപുരുഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലേക്ക് താഴുന്ന ഹെലികോപ്റ്ററിലായിരുന്നു എല്ലാ കണ്ണുകളും. പിന്നെ, മോദിയെ കാണാൻ ആകാംക്ഷയോടെ കാത്തിരിപ്പിലായിരുന്നു ലക്ഷത്തിലേറെ വരുന്ന ജനസാഗരം. പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലേക്ക് കാർ മാർഗം എത്തിയ മോദി 2.20ന് കൂപ്പുകൈകളുമായി വേദിയിലേക്ക് കയറിയപ്പോൾ മോദീ...മോദീ...മോദീ എന്ന് താളത്തിൽ വീറോടെ വിളിച്ച് ആരാധ്യ നായകനെ സദസ് എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. കൈകൾ വീശി സദസിനെ മോദി അഭിവാദ്യം ചെയ്തപ്പോൾ ആവേശം കൊടുമുടിയേറി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും കോന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ മോദിയെ ഷാളണിയിച്ച് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ആറൻമുള കണ്ണാടി നാടിന്റെ ഉപഹരമായി സമർപ്പിച്ചു.
മാന്നാർ സ്വദേശിയായ 14കാരൻ ശരൺ ശശിധരൻ വരച്ച മോദി അമ്മയ്ക്ക് മുന്നിലിരിക്കുന്ന ഛായാചിത്രം ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റും ചെങ്ങന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എം.വി ഗോപകുമാർ കൈമാറി.
സദസിനെ അഭിവാദ്യം ചെയ്യാൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി നാരായണൻ നമ്പൂതിരി മോദിയെ ക്ഷണിച്ചപ്പോൾ നീണ്ട കരഘോഷം. വെളള കോട്ടൺ തുണി കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ചും കണ്ണടയിലെ നനവ് ഒപ്പിയും ഒരു മിനിട്ട് പ്രസംഗ പീഠത്തിനരികിൽ. 'സ്വാമിയേ ശരണം അയ്യപ്പ' എന്ന മന്ത്രത്തോടെ മോദി പ്രസംഗം തുടങ്ങിയത് സദസിന് വൈകാരിക നിമിഷങ്ങളായി. പ്രവർത്തകരും മന്ത്രം ഏറ്റു ചൊല്ലി. സ്വാമിയേ...എന്ന് മോദി വിളിച്ചപ്പോൾ ശരണമയ്യപ്പാ എന്ന് സദസ് ചേർത്തു വിളിച്ചു. ഇങ്ങനെ ഏഴ് പ്രാവശ്യം ശരണമന്ത്രം ഉച്ചത്തിൽ ചൊല്ലിയ ശേഷമാണ് മോദി പ്രസംഗ വിഷയങ്ങളിലേക്ക് കടന്നത്. ആത്മീയതയുടെയും ശബരിമലയുടെയും മണ്ണിനെ പ്രണമിക്കുന്നതായി മോദി പറഞ്ഞു.
ദൽഹിയിലിരുന്ന് വിശകലം നടത്തുന്ന വിദഗ്ദ്ധൻമാർ ഇവിടെ തടിച്ചുകൂടിയ ജനസാഗരത്തെക്കുറിച്ച് അറിയട്ടെ എന്ന് ഹിന്ദിയിൽ രണ്ടു വാചകങ്ങൾ പറഞ്ഞ മോദി പിന്നീട് പ്രസംഗം ഇംഗ്ളീഷിലാക്കി. കവിയൂരിലെ തൃക്കാക്കുടി ക്ഷേത്രം, തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രം, ആറൻമുള പാർത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം എന്നിവയെയും പരാമർശിച്ചു. പന്തളം കേരളവർമ്മയെന്ന സാഹിത്യ പ്രതിഭയെയും സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ ഇലന്തൂർ കെ.കുമാറിനെയും സ്മരിച്ചു. ദു:ഖ വെള്ളിയാഴ്ച ദിവസമായതിനാൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗത്തെയും സ്മരിക്കുന്നതായി മോദി പറഞ്ഞു. ആവേശവും കൈയ്യടികളും നിറഞ്ഞതായിരുന്നു 41 മിനിട്ട് നീണ്ട പ്രസംഗം.
ജനം ഒഴുകിയെത്തി, കിലോമീറ്ററുകൾ നീണ്ട നിര
വിജയ് റാലിക്കായി ഒരുക്കിയ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ പ്രത്യേക വേദി നിറഞ്ഞു കവിഞ്ഞ് ആയിരങ്ങൾ കിലോമീറ്ററുകളോളം പ്രവേശനം കാത്ത് നിന്നു. ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന സംഘാടകരുടെ കണക്കും കടന്നായിരുന്നു മോദിയെ കാണാനും കേൾക്കാനും എത്തിയവരുടെ ഒഴുക്ക്. പൂങ്കാവ്, ഇളകൊളളൂർ ജംഗ്ഷനുകളിൽ നിന്ന് സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് ക്യൂ നീണ്ടു. ഉച്ചയ്ക്ക് 1.15ന് മോദി പ്രസംഗിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെ 10 മുതൽ തന്നെ ആളുകൾ മൈതാനത്തേക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. സുരക്ഷാ പരിശോധനയുള്ളതിനാൽ നാല് വരികളായിട്ടാണ് സദസിലേക്ക് പ്രവേശനം ഒരുക്കിയിരുന്നത്. ഒരു മണിക്കൂർ വൈകി മോദി വേദിയിലെത്തി. ഇൗ സമയത്ത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ സുരക്ഷാ കാരണങ്ങളാൽ പൊലീസ് തടഞ്ഞു. മോദിയിൽ വേദിയിൽ കയറിയ ശേഷമാണ് പിന്നീട് പ്രവേശിപ്പിച്ചത്.