അടൂർ : തിരഞ്ഞെടുപ്പിന് കേവലം രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ അടൂരിൽ പ്രചാരണം അതിന്റെ അവസാനലാപ്പിലേക്ക് നീങ്ങുന്നു. ഫലം ഏത് മുന്നണിക്ക് അനുകൂലമാകുമെന്നതിൽ അവ്യക്തത നിഴലിക്കുകയാണ്. വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്.എന്നാൽ ഇക്കുറി അട്ടിമറയിലൂടെ തങ്ങൾ മണ്ഡലം പിടിച്ചെടുക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. ഇടതു - വലത് ബലാബലത്തെ ചെറുത്ത് അടൂരിൽ ഇക്കുറി താമര വിരിയിക്കാനാണ് ബി.ജെ.പിയുടെ പരിശ്രമം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂർ അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതെത്തിയിരുന്നു. അഡ്വ.പന്തളം പ്രതാപന്റെ സ്ഥാനാർത്ഥിത്വമാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വാസത്തിന് ആക്കം കൂട്ടുന്നത്. 2011ലെ തിരഞ്ഞെടുപ്പിൽ കന്നി അങ്കത്തിലൂടെ സി.പി.ഐലെ ചിറ്റയം ഗോപകുമാർ 607 വോട്ടുകൾക്കാണ് 25 വർഷമായി യു.ഡി.എഫിന്റെ കൈവശത്തായിരുന്ന അടൂർ മണ്ഡലം അട്ടിമറിയിലൂടെ പിടിച്ചെടുത്തത്. മണ്ഡലം സംവരണം ആയതിനൊപ്പം ഘടനയിലും മാറ്റം ഉണ്ടായി. പന്തളം സുധാകരനെയായിരുന്നു ചിറ്റയം അന്ന് പരാജയപ്പെടുത്തിയതെങ്കിൽ 2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.കെ.ഷാജുവിനെ 25,460 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ച് ചിറ്റയം ഗോപകുമാർ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും അടൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് തന്നെയായിരുന്നു മുന്നിൽ. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പന്തളം മുനിസിപ്പാലിറ്റി ബി.ജെ.പി പിടിച്ചെടുക്കുകയും തുമ്പമൺ പഞ്ചായത്ത് കോൺഗ്രസ് നിലനിറുത്തുകയും ചെയ്തു. അടൂർ മുനിസിപ്പാലിറ്റിയിലും കൊടുമൺ,ഏഴംകുളം, കടമ്പനാട്,ഏറത്ത്,പള്ളിക്കൽ, പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തുകയും ചെയ്തതും ഇടതുമുന്നണിയുടെ വിശ്വാസത്തിന് ആക്കം വർദ്ധിപ്പിക്കുന്നു. എന്നാൽ യുവാവായ സ്ഥാനാർത്ഥി എം.ജി.കണ്ണന്റെ മികവിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യു.ഡി.എഫ് നേതൃത്വം. മുൻകാല തിരഞ്ഞെടുപ്പുകളിൽ നിന്നും വത്യസ്ഥമായി ഇക്കുറി യു.ഡി.എഫ് പ്രവർത്തകർ സർവസജ്ജരായി തിരഞ്ഞെടുപ്പ് രംഗത്തുണ്ടെന്നതും പ്രത്യേകതയായി.നരേന്ദ്രമോദിയുടെ ജില്ലയിലെ സാന്നിദ്ധ്യവും, പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം പിടിച്ചെടുത്തതിനൊപ്പം തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിവിധ പഞ്ചായത്തുകളിൽ വിജയിക്കാനായതുമാണ് ബി.ജെ.പിയുടെ വിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ കാൽലക്ഷത്തിലേറെ വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. പഴുതടച്ച പ്രവർത്തനങ്ങളിലൂടെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പം നിലകൊണ്ടതോടെ കാറ്റ് എവിടേക്ക് എന്നത് ചോദ്യചിഹ്നമാകുന്നു.