മല്ലപ്പള്ളി: തിരഞ്ഞെടുപ്പിന് നാടെങ്ങും കളമൊരുങ്ങിയിട്ടും അവേശവും ആരവുമില്ലാത്ത സ്ഥിതിയാണ് പഴയ കല്ലൂപ്പാറ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ മല്ലപ്പള്ളിക്ക്. കലാശക്കൊട്ടിനെങ്കിലും കാഴ്ചയുടെ വർണപ്പകിട്ട് പ്രതീക്ഷിച്ചിരുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം എതിരായി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്നതിനാൽ ഇക്കുറി ആവേശം നേതാക്കൾ പ്രചാരണത്തിന് എത്തിയപ്പോൾ മാത്രമായി ചുരുങ്ങി. നിയോജക മണ്ഡലം നഷ്ടപ്പെട്ടതാണ് ആവേശം കുറയാൻ കാരണമെന്നാണ് പൊതുഅഭിപ്രായം. 1970-ൽ രൂപീകരിച്ച കല്ലൂപ്പാറ നിയോജകമണ്ഡലം 2006-ൽ തിരുവല്ല നിയോജകമണ്ഡലത്തിൽ ലയിപ്പിക്കുവരെ മറ്റ് എല്ലാ നിയോജമണ്ഡല കേന്ദ്രങ്ങളിലെ പോലെ ആവേശതിമിർപ്പിലായിരുന്നു മല്ലപ്പളളിയും. പിന്നീട് ഹൈടെക് പ്രചാരണങ്ങൾക്ക് വഴങ്ങിയെങ്കിലും ഇത്തവണത്തെ നിസംഗതയിൽ ഏറെ അമർഷത്തിലാണ്. കല്ലൂപ്പാറ ആയിരുന്ന കാലത്ത് വാശിയേറിയ മത്സരങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഇവിടെ പ്രമുഖരെ വാർത്തെടുക്കുന്നതിലും പ്രമുഖരെ വെട്ടിനിരത്തുന്നതിലും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1970ലെ ആദ്യ ഇലക്ഷനിൽ അവിഭക്ത കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി അഡ്വ.ടി.എസ്.ജോണും (17894), ഇടതുപക്ഷ സ്ഥാനാർത്ഥി സി.പി.എം ലെ എൻ.ടി. ജോർജ്ജും (15431), കോൺഗ്രസ് സ്ഥാനാർത്ഥി പ്രൊഫ.പി.ജെ കുര്യനും (14996) സ്വതന്ത്രരും ഉൾപ്പെടെ എട്ട് പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.അന്ന് വിജയിച്ച ടി.എസ് ജോൺ പിന്നീട് 1977, 1982, 1996 എന്നീ തിരഞ്ഞെടുപ്പുകളിലും വിജയിയായി മന്ത്രിയും നിയമസഭാ സ്പീക്കറുമായി കല്ലൂപ്പാറയെ നയിച്ചപ്പോൾ പ്രൊഫ.പി.ജെ.കുര്യൻ ലോക്‌സഭയിലും രാജ്യസഭയിലും പലതവണ എം.പി.യാകുകയും പിന്നീട് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പദവിയിലെത്തുകയും ചെയ്തു. 1980ൽ കെ.എ മാത്യുവും, 1987ൽ സി.എ മാത്യുവും 1991 യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായും 2001, 2006 എന്നീ തിരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ് പ്രതിനിധിയായി ജോസഫ് എം.പുതുശേരിയും കല്ലൂപ്പാറയെ പ്രതിനിധീകരിച്ചു. യുവജന നേതാവായിരുന്ന ചെറിയാൻ ഫിലിപ്പും, സ്വാമി ഗംഗാധര തീർത്ഥ, ക്യാപ്റ്റൻ പി.ജെ.തോമസ് ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ കല്ലൂപ്പാറയിൽ ജനവിധി തേടിയവരിൽപെടുന്നു. 2006-ൽ മണ്ഡലം നഷ്ടമായതോടുകൂടി കല്ലൂപ്പാറ മണ്ഡലത്തിന് വികസന മുരടിപ്പ് ഉണ്ടായെന്ന് ഒരു വിഭാഗം പറയുമ്പോൾ മണ്ഡലത്തിന്റെ വിസ്തൃതി വർദ്ധിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടേത് ഉൾപ്പെടെ വൻവികസനമാണ് ഉണ്ടായയെന്ന് മറുവിഭാഗവും വാദിക്കുന്നു. കേരളാ കോൺഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന കല്ലൂപ്പാറ തിരുവല്ലായിൽ ലയിപ്പിച്ചതോടുകൂടി കേരളാ കോൺഗ്രസിനാണ് പതിവായി നഷ്ടം സംഭവിക്കുന്നതെന്നും കോൺഗ്രസിന് സീറ്റ് വീട്ടുനൽകണമെന്ന ആവശ്യം ഓരോ തിരഞ്ഞെടുപ്പ് കാലത്തും ശക്തമാണ്. ഇക്കുറി തിരുവല്ലയിൽ അഡ്വ.മാത്യു.ടി തോമസും, മല്ലപ്പള്ളി സ്വദേശി കുഞ്ഞുകോശി പോളും നേർക്കുനേർ മത്സരിക്കുകയാണ്. പ്രാദേശികവാദങ്ങൾ അങ്ങിങ്ങ് ഉയരുമ്പോഴും രാഷ്ട്രീയ മേൽക്കൈനേടുവാനാണ് ഇരുപക്ഷവും മുന്നിലെത്താൻ ബി.ജെ.പി.ജില്ലാ സെക്രട്ടറി അശോകൻ കുളനടയും രംഗത്തുണ്ട്. മുൻ കോൺഗ്രസ് നേതാവ് അഡ്വ.മാത്യു ടി.തോമസ് അടക്കം നിരവധിപേർ ജനവിധി തേടുന്ന തിരുവല്ല നിയോജക മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷമെങ്കിലും നേടി കേരളാ കോൺഗ്രസ് സീറ്റ് തിരികെ പിടിക്കുമെന്നും, ഭരണതുടർച്ചക്കായി സീറ്റ് നിൽനിറുത്തുമെന്ന് ഇടതുപക്ഷവും പറയുന്നു. കൊണ്ടുപിടിച്ചുള്ള ശ്രമത്തിനൊടുവിൽ പ്രബല മുന്നണികളെ പിന്നിലാക്കി വിജയം കൊയ്യാമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ.