തിരുവല്ല: യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ ഇന്നലെ നിയോജകമണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങളിലെ ദു:ഖവെള്ളി ശുശ്രുഷകളിൽ പങ്കെടുത്തു. തുടർന്ന് ആനിക്കാട് കൊവിഡ് ബാധിച്ച് മരണമടഞ്ഞ പാർട്ടി പ്രവർത്തകന്റെ മരണാനന്തര കർമ്മത്തിൽ പങ്കെടുത്തു. വൈകിട്ട് കടപ്രയിലെ കുടുംബയോഗത്തിലും എത്തി. കുഞ്ഞുകോശി പോളിന്റെ പ്രചാരണത്തിന് ആവേശം പകരാൻ ഇന്ന് മൂന്നിന് ശശി തരൂർ എം.പി നയിക്കുന്ന റോഡ് ഷോ നടക്കും. തിരുവല്ല താലൂക്ക് ആശുപത്രി ജംഗ്‌ഷൻ മുതൽ മുത്തൂർ വരെയാണ് റോഡ് ഷോ. രാവിലെ ഒൻപതിന് മല്ലപ്പള്ളി ജംഗ്‌ഷനിൽ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കും. തുടർന്ന് കല്ലുപ്പാറ, കവിയൂർ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് പ്രതിപക്ഷ നേതാവ് കറ്റോട് മുതൽ തിരുവല്ല മാർക്കറ്റ് ജംഗ്‌ഷൻ വരെ റോഡ് ഷോ നടത്തും. പ്രചാരണം കൊഴുപ്പിക്കാൻ ഇന്ന് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ റാലിയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് നിരണത്ത് നിന്നാരംഭിച്ച് തിരുവല്ല തോട്ടഭാഗം,കല്ലൂപ്പാറ,പുറമറ്റം,വെണ്ണിക്കുളം,പടുതോട് വഴി മല്ലപ്പള്ളിയിൽ സമാപിക്കും.