ചെങ്ങന്നൂർ: വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ മഴ ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടിംഗിനെ സാരമായി ബാധിച്ചു. ഉച്ചവരെ ശക്തമായ പോളിംഗ് നടന്നെങ്കിലും ചൂട് വർദ്ധിച്ചതോടെ ഉച്ചയോടെ പല സ്ഥലങ്ങളിലും ബൂത്തുകളിലേക്ക് ആളുകളുടെ വരവ് കുറഞ്ഞിരുന്നു. വൈകിട്ട് മൂന്ന് മണി മുതൽ വീണ്ടും വോട്ടെടുപ്പ് കേന്ദ്രങ്ങൾ സജീവമായി തുടങ്ങിയിരുന്നെങ്കിലും മൂന്നരയോടെ മഴ പെയ്തു തുടങ്ങിയതോടെ വോട്ടിംഗ് വീണ്ടും മന്ദഗതിയിലായി. നാലരയോടെ മഴ ശമിച്ച ശേഷമാണ് പോളിംഗ് ബൂത്തുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങിയത്. ആറിന് ശേഷവും ചില ബൂത്തുകളിൽ വോട്ട് ചെയ്യാൻ എത്തിവരുടെ ക്യൂ ഉണ്ടായിരുന്നു.