അടൂർ : തിരഞ്ഞെടുപ്പ് സ്വീകരണ പര്യടനം നിറുത്തിവെച്ച് മകന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം ആർ. സി. സിയിൽ പോയ അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണൻ മടങ്ങിയെത്തി പ്രചാരണത്തിൽ സജീവമായി. മൂന്ന് വർഷത്തോളമായി രക്താർബുദത്തിന് ചകിത്സയിലാണ് എം. ജി കണ്ണന്റെ മൂത്തമകൻ ഒൻപതുവയസുകാരൻ ശിവകിരൺ. മൂന്ന് മാസം കൂടുമ്പോൾ പരിശോധന നടത്തണം . വ്യാഴാഴ്ചയായിരുന്നു പരിശോധന. സ്വീകരണ പര്യടനത്തിന്റെ തിരക്കിലായതിനാൽ ഭാര്യ സജിതമോൾക്കൊപ്പം മകനെ അയയ്ക്കാമെന്നാണ് തീരുമാനിച്ചത്. പക്ഷേ അച്ഛൻകൂടി വേണമെന്ന മകന്റെ നിർബന്ധത്തിന് വഴങ്ങി തിരഞ്ഞെടുപ്പ് പര്യടനം നിറുത്തിവച്ചാണ് തിരുവനന്തപുരത്തേക്ക് പോയത്. ഒാമല്ലൂർ മാത്തൂർ ഗവ. യു. പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയായ ശിവകിരണിന് മൂന്ന് വർഷം മുമ്പ് തുടർച്ചയായ പനി വന്നതോടെ നടത്തിയ പരിശോധനയിലാണ് രക്താർബുദമാണെന്ന് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ശിവകിരണിനെ രണ്ട് വർഷത്തോളം ഉള്ളൂരിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചാണ് ചികിത്സിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു സഹായം ലഭ്യമാക്കിയത്. രോഗത്തിന്റെ കാഠിന്യം കുറഞ്ഞെങ്കിലും മൂന്നുമാസം കൂടുമ്പോഴുള്ള പരിശോധനതുടരുകയായിരുന്നു. ഇന്നലെ കടമ്പനാട്, മാഞ്ഞാലി പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു കണ്ണൻ.