സീതത്തോട്: അടൂർ പ്രകാശ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സഹായം തേടി യു. ഡി. എഫ്. സ്ഥാനാർത്ഥി റോബിൻ പീറ്റർ ഗവിയിലെത്തി. ഗതാഗത ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുൾപ്പെടെ വൻ വികസന പ്രവർത്തനങ്ങൾ ഗവിയിൽ നടപ്പാക്കുമെന്ന് സ്വീകരണങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ച് റോബിൻ പീറ്റർ പറഞ്ഞു. അടൂർ പ്രകാശാണ് ഗവിയിലേക്കുള്ള റോഡുകൾ നവീകരിച്ചത്. ഗതാഗത സൗകര്യങ്ങൾ ഒരുക്കിയത്, ടൂറിസം ഭൂപടത്തിൽ ഗവിയെ കൊണ്ടുവന്നത് തുടങ്ങിയ നേട്ടങ്ങളേറെയാണെന്ന് റോബിൻ പറഞ്ഞു.
ഗവി, കൊച്ചുപമ്പ മേഖലകളിലായിരുന്നു ആവേശം സൃഷ്ടിച്ച് റോബിൻ പീറ്ററിന്റെ പര്യടനം. ദുഃഖവെള്ളിയാഴ്ചയായ ഇന്നലെ ഉച്ചവരെ സ്വന്തം ഇടവകപ്പള്ളിയായ മല്ലശ്ശേരി ഓർത്തഡോക്‌സ് പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുത്ത റോബിൻ പീറ്റർ തുടർന്ന് ഗവിയിലേക്ക് പോയി. ഗവിയിലും കൊച്ചുപമ്പയിലും വൻ ജനക്കൂട്ടം റോബിനെ വരവേറ്റു. കൊച്ചുപമ്പിയിലായിരുന്നു ആദ്യ സ്വീകരണം. താലപ്പൊലിയും വാദ്യമേളങ്ങളും ഒരുക്കിയായിരുന്നു സ്വീകരണം. ആരതി ഉഴിഞ്ഞും പുഷ്പാലംകൃത തൊപ്പി അണിയിച്ചും വരവേൽപ്പ് നൽകി. രാജേശ്വരി ഈശ്വരൻ, കല്പനാ ഗുരുസ്വാമി, ടി. സി. തങ്കപ്പൻ, സുരേഷ് കൊച്ചുപമ്പ, കെ. സുരേഷ്, ഇന്ദിരശിവലിംഗം, ടി. എം. ഉമ്മർ, തായിപ്പുള്ള ഗുരുസ്വാമി, സീതത്തോട് രാമചന്ദ്രൻ, ജോയൽ മാത്യു, പുഷ്പമലർ, രതീഷ് ബി. നായർ, ശ്രീദേവി രതീഷ്, ശ്യാമള ഉദയഭാനു, ഇലക്ഷൻ കമ്മിറ്റി കൺവീനർ എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.