പത്തനംതിട്ട: പെരിയ ഇരട്ട കൊലപാതകകേസ് സി.ബി.ഐയ്ക്ക് വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ മാത്രം സംസ്ഥാന സർക്കാർ ചെലവിട്ടത് 90,92,337 ലക്ഷം രൂപയാണെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം ബാബുജി ഈശോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് പ്രതികളായ സി.പി.എം നേതാക്കളെയും പ്രവർത്തകരെയും രക്ഷിക്കാനായി സർക്കാർ ഖജനാവിൽനിന്ന് പണം ധൂർത്തടിച്ചതിന്റെ കണക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരായ ശരത്ത്‌ ലാൽ, ക്യപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടത് 2019 സെപ്തംബറിലാണ്. എന്നാൽ ഹൈക്കോടതി സിംഗിൽ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ നടപടികൾക്കാണ് സംസ്ഥാന സർക്കാർ ഈ പണം ചെലവിട്ടത്. കേസിൽ സർക്കാരിന്‌ വേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്ന് അഭിഭാഷകർ ഹാജരായി. മനീന്ദർസിംഗ് എന്ന അഭിഭാഷകന് 60 ലക്ഷം പ്രതിഫലം നൽകി. രജിത്ത്കുമാറിന് 25 ലക്ഷം, പ്രഭാസ് ബജാജിന് 3 ലക്ഷവും പ്രതിഫലം നൽകി. ഈ ഇനത്തിലെ ആകെ ചെലവ് 88 ലക്ഷം രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാല് ദിവസം അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാനകൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും സർക്കാർ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമ നടപടികളിൽ സർക്കാർ പരാജയപ്പെട്ടപ്പോൾ നികുതിപ്പണത്തിൽ കോടിയിൽ അധികം രൂപയാണ് ഇടത് സർക്കാർ പാഴാക്കിയതെന്നും ബാബുജി ഇൗശോ പറഞ്ഞു.