തിരുവല്ല: കാറ്റിൽനിന്ന് വൈദ്യുതി വാങ്ങുന്ന കരാറിന് അദാനിയുമായി കണ്ണൂരിൽ കണ്ടുമുട്ടിയോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപതിയെ പോലെയാണ് പിണറായി വിജയൻ കേരളം ഭരിച്ചത്. ഇത് ഇനി അനുവദിച്ചുകൂടാ. ജനവിധിപോലും അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നു. സർവീസ് സംഘടനകളെ ഉപയോഗിച്ച് വ്യാജ വോട്ടർമാരെ ചേർത്തു. ഇതുകൊണ്ടാണ് തുടർഭരണം വരുമെന്ന് സി.പി.എം ഉറപ്പായി പറയുന്നത്. വ്യാജവോട്ടുകൾ ചെയ്യുന്നവർ വീട്ടിലേക്കല്ല പോകുന്നത്, മറിച്ച് ലോക്കപ്പിലേക്കാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കുടുങ്ങും. ഭരണത്തിന്റെ ബലത്തിൽ സി.പി.എമ്മും ബി.ജെ.പിയും പ്രചരണരംഗത്ത് പണം ഒഴുക്കുകയാണ്. ശരണംവിളി ആയുധമാക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷനായി. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ,ആന്റോ ആന്റണി എം.പി.മുൻ എം.പി പി.സി.തോമസ്, മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി, സതീഷ് കൊച്ചു പറമ്പിൽ, എൻ.ഷൈലാജ്, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, എ.ഷംസുദ്ദീൻ, റെജി തോമസ്, സതീഷ് ചാത്തങ്കരി, മാത്യു ചാമത്തിൽ, സി.പി.ജോൺ, ജോൺ കെ.മാത്യു, സജി ചാക്കോ, കോശി പി.സഖറിയ, പി.ടി.ഏബ്രഹാം, പ്രസാദ് ജോർജ്, ബിനു വി.ഈപ്പൻ,ടി.പി. ഗിരീഷ് കുമാർ, ജോർജ് മാമ്മൻ കൊണ്ടൂർ, ഗ്രേസമ്മ മാത്യു,എം.എം.ബഷീർ കുട്ടി,എബി മേക്കരിങ്ങാട്, മധു ചെമ്പുകുഴി എന്നിവർ പ്രസംഗിച്ചു.