പത്തനംതിട്ട: ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കോന്നിക്കാർക്ക് റോബിൻ പീറ്റർ. പ്രമാടം ഗ്രാമപഞ്ചായത്ത് അംഗമായും പ്രസിഡന്റായും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് അംഗമായും പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന പരിചയവുമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ മത്സരിക്കുന്നത്. നാട്ടുകാരുമായുള്ള ഹൃദയബന്ധമാണ് തിരഞ്ഞെടുപ്പുകളിലെ വിജയങ്ങൾക്ക് കാരണമെന്ന് റോബിൻ പറയുന്നു. അടൂർ പ്രകാശിലൂടെ കോന്നി നേടിയെടുത്ത വികസന മുന്നേറ്റത്തിന് ഇടക്കാലത്തുണ്ടായ മാറ്റത്തിന് പരിഹാരം കാണുകയാണ് തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.
റോബിൻ പീറ്റർ കേരളകൗമുദിയോട് സംസാരിക്കുന്നു-
ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ. എന്തുതോന്നുന്നു ?
കോന്നി എന്റെ നാടാണ്. പൊതുപ്രവർത്തനത്തിലൂടെ എല്ലാവരും പരിചിതർ. അതുകൊണ്ടുതന്നെ
നിയമസഭയിലേക്കുള്ള കന്നി അങ്കത്തിന്റെ സഭാകമ്പമില്ല. സൗഹൃദങ്ങൾ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. വാത്സല്യത്തോടെയും കരുതലോടെയും എന്നെക്കാണുന്ന മുതിർന്നവർ ഏറെയുണ്ട്. പ്രചാരണവേദികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ത്രിതല പഞ്ചായത്തിൽ ജനപ്രതിനിധിയായിരിക്കുമ്പോൾ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ജനങ്ങൾക്കറിയാം.
എന്തൊക്കെയാണ് ജനങ്ങൾക്കുള്ള വാഗ്ദാനങ്ങൾ ?
നാടിന്റെ പുരോഗതിക്കുവേണ്ടിയുള്ള മികച്ച കാഴ്ചപ്പാടുകൾ യു.ഡി.എഫ് പ്രകടന പത്രികയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അതിന് പുറമെ കോന്നിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നിരവധി ആശയങ്ങൾ എനിക്കുണ്ട്. റോഡ് , കുടിവെള്ളം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്ക് പുറമെ പട്ടയം പോലെയുള്ള ഗൗരവമായ വിഷയങ്ങളുണ്ട്. മലയോരമേഖലയിലെ കോലിഞ്ചി കർഷകർ ഉൾപ്പടെയുള്ളവർ വിലത്തകർച്ചമൂലം ദുരിതത്തിലാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ന്യായമായ വില അവർക്ക് ലഭിക്കാനുള്ള വിപണി സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. മെഡിക്കൽ കോളേജിലെ ചികിത്സയും മറ്റും ഇപ്പോൾ കടലാസിലേയുള്ളു. ഇതിന് മാറ്റമുണ്ടാക്കും. മെഡിക്കൽ കോളേജ് കോന്നിയുടെ അഭിമാനമാണ്. കൃത്യമായ ആസൂത്രണത്തിലൂടെയേ അത് മികച്ച നിലയിലാക്കാൻ കഴിയു. ഇക്കോടൂറിസത്തിന്റെ സാദ്ധ്യതകൾക്ക് നേരത്തെ നല്ല തുടക്കമിട്ടതാണ്. ഇപ്പോഴും അതേനിലയിൽത്തന്നെ തുടരുന്നതേയുള്ളു ആ പദ്ധതികൾ. വലിയ വികസന സാദ്ധ്യതയുള്ള ഇക്കോടൂറിസം പദ്ധതി സജീവമാക്കേണ്ടതുണ്ട്.
എന്തൊക്കെയാണ് വിജയപ്രതീക്ഷകൾ ?
കോൺഗ്രസ് പ്രവർത്തകരിലുള്ള ഉണർവാണ് ആഹ്ളാദിപ്പിക്കുന്നത്. തുടക്കംമുതൽ അവർ ആവേശത്തിലാണ്. രാഹുൽഗാന്ധിയുടെ റോഡ് ഷോയോടെ അത് കൂടുതൽ ശക്തമായി. അടൂർ പ്രകാശ് എം.എൽ.എ ആയിരുന്ന കാലഘട്ടം കോന്നിയുടെ സുവർണ ദശയായിരുന്നു. ഇത് എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. അദ്ദേഹം മാറിയതോടെ വികസനരംഗത്ത് വല്ലാത്ത മുരടിപ്പാണ് അനുഭവപ്പെടുന്നത്. അടൂർ പ്രകാശ് തുടങ്ങിവച്ചതും നടപ്പാക്കാൻ തീരുമാനിച്ചതുമായ പദ്ധതികൾ ഏറ്റെടുക്കുകയാണ് എന്റെ ലക്ഷ്യം. ഇത് ജനങ്ങളുടെ ലക്ഷ്യംകൂടിയാണ്. വികസനത്തിൽ അവർ രാഷ്ട്രീയം കാണുന്നില്ല. കോന്നിയുടെ ആ നല്ലകാലം തിരിച്ചുവരാൻ അവർ ആഗ്രഹിക്കുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമാണ്
എതിരാളികൾ ?
അവരെ ബഹുമാനിക്കുന്നു. കോന്നിയുടെ മനസ് തേടുന്നത് അവർക്കൊപ്പം നിൽക്കുന്ന ജനപ്രതിനിധിയെയാണ്. മറ്ര് ഘടകങ്ങളൊന്നും അവിടെ ബാധകമല്ല. എന്താണ് വികസനം എന്ന് അടൂർ പ്രകാശിലൂടെ അനുഭവിച്ചറിഞ്ഞവരാണ് അവർ. അതിന്റെ തുടർച്ചയാണ് അവർ ആഗ്രഹിക്കുന്നത്.