ബി.ജെ.പി.സി.പി.എം ബന്ധം പരസ്യമായി ഉമ്മൻചാണ്ടി
ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി ഇന്നലെ റോഡ്‌ഷോയുടെ തിരക്കിലായിരുന്നു. ഉമ്മൻ ചാണ്ടി, ശശി തരൂർ, ചാണ്ടി ഉമ്മൻ എന്നിവർ ചെങ്ങന്നൂരിൽ റോഡ്‌ഷോ നടത്തി. ആർ.എസ്.എസ് നേതാവ് ബാലശങ്കറിന്റെ പ്രസ്താവനയോടെ ചെങ്ങന്നൂരിലെ ബി.ജെ.പി.സി.പി.എം ബന്ധം പരസ്യമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.റോഡ്‌ഷോയുടെ ഭാഗമായി ചെങ്ങന്നൂർ പുത്തൻകാവിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
ബി.ജെ.പിയെ വളർത്തി കോൺഗ്രസിനെ ഇല്ലാതാക്കി തുടർഭരണം ഉറപ്പിക്കാനുളള അപകടകരമായ രാഷ്ട്രീയമാണ് സി.പി.എം സ്വീകരിക്കുന്നത്. ഇത് തിരിച്ചറിയാൻ ജനാധിപത്യ മതേതര വിശ്വാസികൾക്ക് കഴിയണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലയിൽ കാണിച്ച ധിക്കാരത്തിന് ഈ തിരഞ്ഞെടുപ്പിൽ വിശ്വാസികൾ മറുപടികൊടുക്കും. പെയ്ഡ് സർവേകളെ തളളി ജനസ്വീകാര്യതയോടെ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥി എം.മുരളിയും റോഡ് ഷോയിൽ പങ്കെടുത്തു.
യു.ഡി.എഫിന്റെത് ദീർഘവീക്ഷണമുളള പ്രകടനപത്രിക:ശശി തരൂർ
ചെങ്ങന്നൂർ: യു.ഡി.എഫ് ദീർഘവീക്ഷണത്തോടെയുളള പരിപാടികൾ ആവിഷ്‌ക്കരിക്കുപ്പോൾ ബി.ജെ.പി 2010ലേയ്ക്കും സി.പി.എം 2019ലേയ്ക്കും കേരളത്തെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പറഞ്ഞു. റോഡ്‌ഷോയുടെ ഭാഗമായി കല്ലിശേരിയിൽ പ്രസംഗിക്കുകയായിരുന്നു ശശി തരൂർ. ഇടതുഭരണത്തിലെ ധിക്കാരവും ധാർഷ്ഠ്യവും സ്വജനപക്ഷപാതവും അഴിമതിയും ജനം മടുത്തു. ജനമനസുകളിൽ ചേരിത്തിരിവ് ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നല്ലൊരു സമാജികൻ എന്ന് പേരെടുത്ത് എം.മുരളി നിയമസഭയിൽ ഉണ്ടാകണം. യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.എബി കുര്യാക്കോസ്, സുനിൽ.പി.ഉമ്മൻ, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി.സി.സി നിർവാക സമിതിയംഗം അഡ്വ.ഡി.വിജയകുമാർ, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം, കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, ചീഫ് കോർഡിനേറ്റർ പി.വി ജോൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അഡ്വ.ജോർജ് തോമസ്, രാധേഷ് കണ്ണനൂർ എന്നിവർ പങ്കെടുത്തു.