തിരുവല്ല: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ നടന്ന റോഡ്ഷോ എൻ.ഡി.എ പ്രവർത്തകർക്ക് ആവേശമായി.കടുത്തചൂട് വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡ്ഷോയിൽ അണിനിരന്നത്. അമ്മൻകുടം തുള്ളൽ ഉൾപ്പെടെയുള്ള വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ്ഷോ. പ്രത്യേകം തയാറാക്കിയ വാഹനത്തിൽ സഞ്ചരിച്ചാണ് കേന്ദ്രമന്ത്രി വോട്ടർമാരെ അഭിവാദ്യം ചെയ്തത്. എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനട, ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ, വിജയകുമാർ, ശ്യാം മണിപ്പുഴ, സുരേഷ് ഓടയ്ക്കൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശാലിനികുമാരി, ജില്ലാ ഉപാദ്ധ്യക്ഷ ഗീതാലക്ഷ്മി എന്നിവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ ശ്രീവല്ലഭ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു നിർമല സീതാരാമൻ റോഡ്ഷോയിൽ പങ്കെടുത്തത്. സുരക്ഷയൊരുക്കാൻ കേന്ദ്രസേനയുടെ പ്രത്യേക സംഘവും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നിന്നും തുടങ്ങിയ റോഡ്ഷോ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു.