കോന്നി : കിഴക്കൻ മലയോര മേഖലകളെ ഇളക്കിമറിച്ച് മുന്നണികളുടെ പരസ്യ പ്രചാരണ സമാപനം. കോന്നിയെ ഇളക്കി മറിച്ച് സ്ഥാനാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ എത്തിയപ്പോൾ അണികൾ ആവേശത്തിലായി. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാൽ വാഹനങ്ങളിലുള്ള പ്രചാരണങ്ങളാണ് ഇന്നലെ രാവിലെ മുതൽ പൊടിപൊടിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാറിന്റെയും യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെയും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെയും പ്രചാരണ വാഹനങ്ങൾ കോന്നിയുടെ ഗ്രാമവീഥികളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടേയിരുന്നു. സ്ഥാനാർത്ഥികൾക്ക് വിജയഗാഥകൾ പാടിയും നാടിന്റെ വികസനങ്ങൾ ഉയർത്തിക്കാട്ടിയും വരാനിരിക്കുന്ന വികനസങ്ങൾ ചൂണ്ടിക്കാട്ടിയുമൊക്കെയുള്ള പാരഡി ഗാനങ്ങളുടെയും ഡി.ജെയുടെയും അകമ്പടിയിലായിരുന്നു അണികളുടെ റോഡ് ഷോ. തുറന്ന വാഹനങ്ങളിൽ നേതാക്കളുടെ അകമ്പടിയിൽ സ്ഥാനാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ എത്തിയപ്പോൾ അണികളിൽ ആവേശത്തിരയിളക്കം ഇരട്ടിയാക്കി. ഇരുചക്ര വാഹനങ്ങളിലും മറ്റും മുദ്രാവാക്യം വിളികളുമായി അവർ സ്ഥാനാർത്ഥികൾക്ക് അകമ്പടി സേവിച്ചു. എല്ലാ കേന്ദ്രങ്ങിലും സ്ഥാനാർത്ഥികൾക്ക് മികച്ച വരവേൽപ്പാണ് അവസാനനിമിഷം വരെ ലഭിച്ചത്. വൈകിട്ട് ഏഴ് വരെ കോന്നിയുടെ ഗ്രാമവീഥികളിൽ ഉത്സവാന്തരീക്ഷമായിരുന്നു. കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കോന്നി. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സിറ്റിംഗ് എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിനെതിരെ കഴിഞ്ഞ 25 വർഷമായി കോന്നിയിലെ പൊതുപ്രവർത്തന രംഗത്തുള്ള റോബിൻ പീറ്ററും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമാണ് പ്രധാന എതിരാളികൾ. പിണറായി സർക്കാരിന്റെ നേട്ടങ്ങളും വികസനവും അതിജീവനവും ജനക്ഷേമ പദ്ധതികളും കഴിഞ്ഞ ഒന്നര വർഷത്തെ കോന്നിയുടെ ശരവേഗത്തിലുള്ള വളർച്ചയും വികസനമൊക്കയാണ് അവസാന മിനിഷം വരെയും എൽ.ഡി.എഫ് പ്രചാരണ ആയുധമാക്കി ഉയർത്തിപ്പിടിച്ചത്. എന്നാൽ ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള 23 വർഷം കോന്നിയെ പ്രതിനിധീകരിച്ച അടൂർ പ്രകാശിന്റെ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് റോബിൻ പീറ്ററിനെ വിജയിപ്പിക്കണമന്നും എൽ.ഡി.എഫി്റെ അഴിമതിയും കെടുകാര്യസ്ഥതയുമൊക്കയാണ് ഇന്നലെയും യു.ഡി.എഫ് ഉയർത്തിക്കാട്ടിയത്. എന്നാൽ ഇരുമുന്നണികളുടെയും ഇരട്ടത്താപ്പാണ് എൻ.ഡി.എ ഉയർത്തിപ്പിടിച്ചത്. ഇടത്ത്, വലത് ഭരണം മാറണമെന്നും കേരളത്തെ സമഗ്ര പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കാൻ എൻ.ഡി.എയ്ക്കേ കഴിയുള്ളെന്നും അവർ വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോന്നിയിലെ വിജയ് റാലിയും പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇരുമുന്നണികളും അവസാന നിമിഷം വരെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്.നിശബ്ദ പ്രചാരണമായ ഇന്ന് സ്ഥാനാർത്ഥികൾ പ്രധാന വ്യക്തികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കും. നേതാക്കളും അണികളും ജനസമ്പർക്ക പരിപാടികളികൂടെ തങ്ങളുടെ സ്ഥനാർത്ഥികൾക്ക് വോട്ട് ഉറപ്പാക്കും.