പത്തനംതിട്ട: രണ്ടാഴ്ചയിലേറെ നീണ്ട കനത്ത പ്രചാരണങ്ങൾക്കൊടുവിൽ നാട് നാളെ ബൂത്തിലേക്ക്. ജില്ലയിൽ വിധിയെഴുതുന്നത് അഞ്ച് മണ്ഡലങ്ങളിലാണ്. ത്രികോണ പോരാട്ടത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിയ മുന്നണികളുടെ പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് പ്രമുഖരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.
കോന്നി,റാന്നി മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന്റെ പ്രചാരണം പ്രവചനം അസാദ്ധ്യമാക്കും വിധം മുറുകിയാണ് അവസാനിച്ചത്. ആറൻമുളയിലും അടൂരിലും തിരുവല്ലയിലും പോരാട്ടം കനത്തു നിന്നു. മൂന്ന് മുന്നണികളും ഭവനസന്ദർശനങ്ങളും നടത്തി. മണ്ഡലങ്ങളിലൂടെ...
കോന്നി
എൽ.ഡി.എഫ്
സ്ഥാനാർത്ഥി നിലവിലെ എം.എൽ.എ സി.പി.എമ്മിലെ കെ.യു.ജനീഷ്കുമാർ.
സാദ്ധ്യതകൾ: യുവജന നേതാവ്. കോന്നി മെഡിക്കൽ കോളേജ്, ആർ.ടി ഒാഫീസ് തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചത്. പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ. മണ്ഡലത്തിൽ നടപ്പാക്കിയ മറ്റ് വികസന പ്രവർത്തനങ്ങൾ.
എതിർഘടകം: കോന്നി മെഡിക്കൽ കോളേജ് യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ചതെന്ന പ്രചരണം.
യു.ഡി.എഫ്
സ്ഥാനാർത്ഥി കോൺഗ്രസിലെ റോബിൻ പീറ്റർ.
സാദ്ധ്യതകൾ: ജനകീയ നേതാവെന്ന പ്രതിച്ഛായ. തദ്ദേശ സ്ഥാപനങ്ങളിലെ തുടർ വിജയങ്ങൾ. ഭരണരംഗത്തെ മികവ്. അടൂർ പ്രകാശിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യം.
എതിർഘടകം: സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിലുണ്ടായ തർക്കങ്ങൾ.
എൻ.ഡി.എ
സ്ഥാനാർത്ഥി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
സാദ്ധ്യതകൾ: 2019 ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ തുടർച്ച. ശബരിമല വിശ്വാസ സംരക്ഷണ നായകൻ എന്ന പ്രതിച്ഛായ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോന്നിയിലെ വിജയ റാലിയിലെ ജനപങ്കാളിത്തം. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ.
എതിർഘടകം: മഞ്ചേശ്വരത്തും സ്ഥാനാർത്ഥിയായത്.
>>>>>>>>>>>>>>>>>>>>>>
റാന്നി
എൽ.ഡി.എഫ്
സ്ഥാനാർത്ഥി കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രമോദ് നാരായൺ.
സാദ്ധ്യതകൾ: കാൽ നൂറ്റാണ്ടായി എൽ.ഡി.എഫ് കോട്ട. പിണറായി സർക്കാരിന്റെ വികസന പദ്ധതികൾ. വികസനത്തുടർച്ച അഭ്യർത്ഥിച്ച് വോട്ട് അഭ്യർത്ഥന. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് പുതിയ വികസന കാഴ്ചപ്പാട്.
എതിർഘടകം: മണ്ഡലത്തിൽ പുതുമുഖം.
യു.ഡി.എഫ്
കോൺഗ്രസിലെ റിങ്കു ചെറിയാനാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: മണ്ഡലത്തിൽ വികസന മുരടിപ്പെന്ന പ്രചാരണം. സഭകളുടെ പിന്തുണ. പിതാവ് എം.സി ചെറിയാന്റെ മകനെന്ന സ്മരണ.
എതിർഘടകം: സ്ഥാനാർത്ഥി നിർണയ തർക്കങ്ങൾ.
എൻ.ഡി.എ
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: ജനകീയ സ്ഥാനാർത്ഥി. മികച്ച സംഘാടകൻ. മണ്ഡലത്തിലെ വിപുലമായ വ്യക്തിബന്ധങ്ങൾ. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ.
എതിർഘടകം: സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത്.
>>>>>>>>>>>>>>>>>>>>>>
ആറൻമുള
എൽ.ഡി.എഫ്
സി.പി.എം സ്ഥാനാർത്ഥിയായി നിലവിലെ എം.എൽ.എ വീണാജോർജ് മത്സരിക്കുന്നു.
സാദ്ധ്യതകൾ: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ. പ്രളയം, കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ നേതൃത്വം. പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ.
എതിർഘടകം: ഒാർത്തഡോക്സ് സഭയുടെ പിന്തുണയില്ല.
യു.ഡി.എഫ്
കോൺഗ്രസിലെ കെ.ശിവദാസൻ നായരാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: പ്രശ്നങ്ങളിൽ സത്യസന്ധമായ ഇടപെടൽ. നേരെവാ നേരെപോ സമീപനം. ആറൻമുളയിൽ 2011ൽ എം.എൽ.എ ആയ ശേഷം നടത്തിയ വികസനപദ്ധതികൾ.
എതിർഘടകം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കണ്ടില്ലെന്ന എൽ.ഡി.എഫ് ആരോപണം.
എൻ.ഡി.എ
ബി.ജെ.പിയിലെ ബിജുമാത്യുവാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: മണ്ഡലത്തിലെ ബി.ജെ.പി സ്വാധീനം. ഹൈന്ദവ, ഒാർത്തഡോക്സ് വിഭാഗങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷ. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ.
എതിർഘടകം: പ്രചരണം ശക്തമല്ലെന്ന ആരോപണം.
>>>>>>>>>>>>>>>>>>>>>>
തിരുവല്ല
എൽ.ഡി.എഫ്
നിലവിലെ എം.എൽ.എ ജനതാദൾ എസിലെ മാത്യു ടി. തോമസ് ആണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ. തിരുവല്ല ബൈപ്പാസ് പൂർത്തീകരിച്ചത്. പിണറായി സർക്കാരിന്റെ നേട്ടങ്ങൾ.
എതിർഘടകം: വികസന മുരടിപ്പ് അകറ്റാൻ മണ്ഡലത്തിൽ മാറ്റം വേണമെന്ന എതിർ പ്രചരണം.
യു.ഡി.എഫ്
കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കുഞ്ഞുകോശി പോളാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: മണ്ഡലത്തിൽ മാറ്റം വരണമെന്ന പ്രചരണം. ജനസമ്മതിയുള്ള വ്യക്തിത്വം. സാധാരണക്കാരുമായുള്ള അടുപ്പം. യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കുന്നത്.
എതിർഘടകം. മുൻകാലങ്ങളിലെ കാലുവരി തോൽപ്പിക്കൽ.
എൻ.ഡി.എ
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ. കേന്ദ്രസർക്കാർ സഹായത്തോടെ തിരുവല്ല ബൈപ്പാസ് പൂർത്തീകരിച്ചത്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ പ്രാതിനിധ്യം.
എതിർഘടകം: സ്ഥാനാർത്ഥിയാക്കിയതിനെതിരെ പരസ്യപ്രതിഷേധം.
>>>>>>>>>>>>>>>>>>>>>>
അടൂർ
എൽ.ഡി.എഫ്
നിലവിലെ എം.എൽ.എ സി.പി.എെയിലെ ചിറ്റയം ഗോപകുമാറാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ. തുടർച്ചയായി പത്ത് വർഷം ജനപ്രതിനിധിയായി നടത്തിയ വികസന പ്രവർത്തനങ്ങൾ. പൊതുജനങ്ങളുമായുള്ള ദൃഢബന്ധം.
എതിർഘടകം: മണ്ഡലത്തിൽ എടുത്തുപറയാൻ പദ്ധതികൾ ഇല്ലെന്ന ആരോപണം.
യു.ഡി.എഫ്
കോൺഗ്രസിലെ എം.ജി.കണ്ണനാണ് സ്ഥാനാർത്ഥി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി സംഘാടക ശേഷി തെളിയിച്ചു. ശക്തനായ സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്ത് അംഗമായി മികച്ച പ്രവർത്തനം നടത്തി.
എതിർഘടകം: മണ്ഡലത്തിൽ പരിചയമില്ലെന്ന ആരോപണം.
എൻ.ഡി.എ
ബി.ജെ.പിയിലെ പന്തളം പ്രതാപനാണ് സ്ഥാനാർത്ഥി.
സാദ്ധ്യതകൾ: 2016ൽ മണ്ഡലത്തിൽ ബി.ജെ.പിയുടെ ശക്തമായ മുന്നേറ്റം. തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിൽ ഭരണം പിടിച്ചത്. അടൂരിൽ അക്കൗണ്ട് തുറന്നത്.
എതിർഘടകം: സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്കുള്ളിലുണ്ടായ പ്രതിഷേധം.